നവരാത്രി ആഘോഷങ്ങളെ കളറാക്കി ബൊമ്മക്കൊലു

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുക്കി ടി ഡി റോഡിലെ മഹാലക്ഷ്മി കോംപ്ലക്സ് നിവാസികൾ
 ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകങ്ങളായ ബൊമ്മക്കൊലു ഇടംപിടിച്ചപ്പോള്‍ ജില്ലയിലെ നവരാത്രി ആഘോഷങ്ങള്‍ കൂടുതല്‍ കളറായി. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്‌ എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രികാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. കേരളത്തിൽ ബ്രാഹ്മണസമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കൽ. നവരാത്രിയുടെ ആദ്യദിവസം ഗണപതിപൂജയ്ക്കുശേഷം കുടുംബത്തിലെ മുതിർന്നയാൾ സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി പൂജ നടത്തിയാണ്‌ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കമാകുന്നതെന്ന്‌ എറണാകുളം ടിഡി ക്ഷേത്രത്തിനുസമീപത്തുള്ള വീട്ടിൽ ബൊമ്മക്കൊലു ഒരുക്കിയ വിജേഷ്‌ ഭട്ട്‌ പറഞ്ഞു. അതിനുശേഷം മരത്തടികൾകൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. പടികൾക്കുമുകളിൽ തുണി വിരിച്ചശേഷം ദേവീദേവന്മാരുടെ ബൊമ്മകൾ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് നിരത്തിവയ്ക്കും. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുകളിൽ വയ്ക്കുന്നത്. ആദ്യ മൂന്നുദിവസങ്ങളിൽ ദുർഗയ്ക്കും തുടർന്നുള്ള മൂന്നുദിവസം ലക്ഷ്മിക്കും പിന്നീട് മൂന്നുദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്. ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച്‌ ധാന്യങ്ങളുടെ നിറവും ബൊമ്മയുടെ നിറവും ക്രമീകരിക്കും. ബൊമ്മക്കൊലു കാണാനെത്തുന്നവർക്ക് പ്രസാദവും സമ്മാനങ്ങളും നൽകും. ബൊമ്മക്കൊലു പൂജയിലൂടെ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. സമീപത്തെ ക്ഷേത്രത്തിലും പ്രത്യേക പൂജയും ഭജനയും നടക്കുമെന്നും വിജേഷ്‌ ഭട്ട്‌ പറഞ്ഞു. Read on deshabhimani.com

Related News