പരിശീലകരില്ല ; സൗഹൃദക്കരുത്തിൽ നേടി സ്വർണം
കോതമംഗലം പരിശീലകരില്ല, സൗഹൃദമാണ് ലക്ഷ്‌മിയുടെയും അന്വയയുടെയും സ്വർണക്കരുത്ത്. ജില്ലാ സ്കൂൾ കായികമേള ഹൈജമ്പിൽ ജൂനിയർ വിഭാഗത്തിൽ അന്വയ കൃഷ്‌ണയും സീനിയർ വിഭാഗത്തിൽ ലക്ഷ്‌മി നാഥും പൊന്നണിഞ്ഞത് സ്വപ്രയത്‌നവും സുഹൃദ്‌ബന്ധവും വിളക്കിച്ചേർത്താണ്. ചോറ്റാനിക്കര ഗവ. എച്ച്‌എസ്‌എസ് വിദ്യാർഥികളാണ് ഇരുവരും. കഴിഞ്ഞ മേളയിൽ ഇരുവരും കണ്ടിരുന്നു. പരിചയം അതിലൊതുങ്ങി. ലക്ഷ്‌മി പ്ലസ്‌വണ്ണിന് എത്തിയത് ചോറ്റാനിക്കര സ്‌കൂളിൽ. അവിടെ അന്വയ ഉണ്ടായിരുന്നു. ജൂനിയർ വിഭാഗത്തിൽ നേരത്തേ സ്വർണം നേടിയിട്ടുണ്ട് ലക്ഷ്‌മി. പുതിയ സ്‌കൂളിൽ ലോങ്‌ജമ്പിൽ പരിശീലിപ്പിക്കാൻ ആരുമില്ലെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല താരം. ഈ ആവേശം കണ്ടപ്പോൾ അന്വയയും ഒപ്പംകൂടി. തനിക്കറിയാവുന്ന ഹൈജമ്പ് പാഠങ്ങൾ അന്വയക്ക് ലക്ഷ്‌മി പറഞ്ഞുകൊടുത്തു. ‘എന്റെ പേടിയെല്ലാം മാറ്റിയതും സ്‌റ്റെപ്പെടുക്കാൻ പഠിപ്പിച്ചതുമെല്ലാം ഇവളാണ്’–- ലക്ഷ്‌മിയെ ചൂണ്ടി അന്വയ പറഞ്ഞു. എന്നാൽ, പരിശീലനം വെല്ലുവിളിയായിരുന്നു. അതില്ലാതെതന്നെ രണ്ടുംകൽപ്പിച്ച് സബ്‌ജില്ലയിൽ മത്സരിച്ചു. മിന്നുംജയത്തോടെ ജില്ലാതലത്തിലേക്ക് ഉയർന്നിറങ്ങി ഇരുവരും. ലക്ഷ്‌മി 1.34 മീറ്റർ ചാടിയപ്പോൾ ശിഷ്യ 1.35 മീറ്റർ താണ്ടി സ്വർണം നേടി. ‘ഇനി ഒന്നുകൂടി ഉഷാറാകണം. സംസ്ഥാനമേളയിൽ വിജയിക്കണം'–- കൂട്ടുകാരികൾ പറഞ്ഞു. ചാടാൻമാത്രമല്ല, ഫുട്‌ബോളിലും സൂപ്പർ സ്‌റ്റാറുകളാണ് കൂട്ടുകാരികൾ. മുന്നേറ്റനിരയിലാണ്. ലക്ഷ്‌മിക്ക് സംസ്ഥാന ക്യാമ്പിൽ സെലക്‌ഷൻ ലഭിച്ചിട്ടുണ്ട്. തിരുവാങ്കുളത്തുകാരിയാണ് അന്വയ. ലക്ഷ്‌മിയുടെ സ്വദേശം തൈക്കൂടം. Read on deshabhimani.com