സംവിധായിക ശിവരഞ്ജിനിക്ക് ജന്മനാടിന്റെ സ്വീകരണം
അങ്കമാലി തിരുവനന്തപുരത്ത് നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്‌എഫ്കെ) നവാഗതസംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ ജെ ശിവരഞ്ജിനിക്ക് ജന്മനാട് സ്വീകരണം നൽകി. മഞ്ഞപ്ര മാമ്പിലായി പി കെ ജനാർദനന്റെയും ഗീതയുടെയും മകളാണ്. ‘വിക്ടോറിയ’ എന്ന ഒന്നരമണിക്കൂർ നീളുന്ന ചിത്രത്തിനാണ് ശിവരഞ്ജിനിക്ക് പുരസ്കാരം ലഭിച്ചത്. സ്‌ത്രീകൾമാത്രം വേഷമിട്ട ചിത്രത്തിന്റെ കഥയും ശിവരഞ്ജിനിയുടേതാണ്. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ അനുവദിച്ച ഒന്നരക്കോടി രൂപ ഫണ്ടിലാണ് നിർമാണം. ശിവരഞ്ജിനിയുടെ വസതിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു പൊന്നാട അണിയിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി വി അശോക് കുമാർ അധ്യക്ഷനായി. ഡിവൈഎഫ്ഐയ്ക്കുവേണ്ടി സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് മൊമെന്റോ നൽകി. ജില്ലാ സെക്രട്ടറിയറ്റംഗം പി യു ജോമോൻ പൊന്നാട അണിയിച്ചു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് പങ്കെടുത്തു. ബോംബെ ഐഐടിയിൽ സിനിമയിൽ ഗവേഷകവിദ്യാർഥിനിയാണ് ശിവരഞ്‌ജിനി. Read on deshabhimani.com