പാട്ടഭൂമിയിലെ അനധികൃത ഹോട്ടൽ പൂട്ടാൻ ഉത്തരവ്
മട്ടാഞ്ചേരി ഫോർട്ട് കൊച്ചിയിൽ സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ നിർദേശം. കൊച്ചിൻ ക്ലബ്ബിന് പാട്ടത്തിനു നൽകിയ ഭൂമി വാടകയ്ക്കെടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഫോർട്ട് പാരഗണിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കാനാണ് ഉത്തരവ്. ഫോർട്ട് കൊച്ചി വില്ലേജ് ഓഫീസറുടെ ഉത്തരവിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിമാരായ പി രാജീവും പി പ്രസാദും പങ്കെടുത്ത കരുതലും കൈത്താങ്ങും അദാലത്തിൽ നിർദേശം നൽകി. ടി എം അബു സാംസ്കാരികസമിതി പ്രസിഡന്റ് കെ ബി ഹനീഫ് നൽകിയ പരാതിയിലാണ് നടപടി. പാട്ടത്തിനു നൽകിയ സർക്കാർഭൂമിയിൽ അനധികൃതമായി ഹോട്ടൽ പ്രവർത്തിക്കുന്നുവെന്ന് ഫോർട്ട് കൊച്ചി വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പാട്ടവ്യവസ്ഥകൾക്ക് വിരുദ്ധമായി ഭൂമി മറ്റൊരാൾക്ക് വാടകയ്‌ക്ക് നൽകിയതിനാൽ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ കൊച്ചിൻ ക്ലബ്ബിന് വില്ലേജ് ഓഫീസർ നോട്ടീസും നൽകി. ഇതിൽ തുടർനടപടികൾ സ്വീകരിക്കാനാണ് മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുള്ളത്. Read on deshabhimani.com