വിമത പ്രവർത്തനം ; പാമ്പാക്കുടയിൽ നാല്‌ കോൺഗ്രസ് നേതാക്കളെ പുറത്താക്കി



പിറവം പാമ്പാക്കുടയിൽ നാല്‌ കോൺഗ്രസ് നേതാക്കളെ പാർടി നടപടിയെടുത്ത്‌ പുറത്താക്കി. പിറവം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ എബി എൻ ഏലിയാസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടി യു രാജു കോൽപ്പാറ, പാമ്പാക്കുട മണ്ഡലം സെക്രട്ടറി ജിജി പോൾ, പാർടി അംഗം സി എസ് സാജു എന്നിവർക്കെതിരെയാണ് ഡിസിസിയുടെ നടപടി. പാമ്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നതിനാണ്‌ നടപടിയെന്ന്‌ ഒരുവിഭാഗം ആരോപിച്ചു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പുമുതലുള്ള തർക്കമാണ്‌ നടപടിയിലേക്ക്‌ എത്തിയതെന്ന്‌ മറുഭാഗം വാദിച്ചു. കോൺഗ്രസിലെ ഒന്നാംവാർഡ് അംഗം ജയന്തി മനോജും വിമത പാനലിൽ മത്സരിക്കുന്നുണ്ട്. ഇവരോട്‌ വിശദീകരണം തേടിയതായി മണ്ഡലം പ്രസിഡന്റ്‌ പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളെ പുറത്താക്കിയാൽ ഭരണം നഷ്ടമാകുമെന്ന തിരിച്ചറിവാണ് നടപടി എടുക്കാത്തതിന്‌ കാരണം. കേരള കോൺഗ്രസ്‌ ജേക്കബ് ഗ്രൂപ്പ് നേതാവും രണ്ടാംവാർഡ് അംഗവുമായ ഫിലിപ്പ് ഇരട്ടയാനിക്കലും വിമതർക്കൊപ്പം മത്സരരംഗത്തുണ്ട്. ജേക്കബ് വിഭാഗത്തിലെ ബ്ലോക്ക് പഞ്ചായത്ത്‌ അംഗവും കോൺഗ്രസിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളുമാണ് യുഡിഎഫ് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നവരിലേറെയും. നിലവിൽ യുഡിഎഫാണ് ബാങ്ക് ഭരിക്കുന്നത്. ആഗസ്ത്‌ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 13 സീറ്റിലേക്കും യുഡിഎഫ് ഔദ്യോഗികപക്ഷവും വിമതപക്ഷവും മത്സരരംഗത്തുണ്ട്‌. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയും ശക്തമായി മത്സരരംഗത്തുണ്ട്. Read on deshabhimani.com

Related News