ആംഗ്യഭാഷയിൽ സംവദിക്കാൻ 
എഐ പ്രോഗ്രാം ഒരുക്കാൻ കുട്ടികൾ



കൊച്ചി ലിറ്റിൽ കൈറ്റ്സ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾക്ക്‌ തുടക്കം. എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങ്‌ നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ഈ വർഷം ക്യാമ്പുകളുടെ പ്രത്യേകത. സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എഐ ഉപയോഗിച്ച് തയ്യാറാക്കും. ഇതിനുള്ള വീഡിയോ ക്ലാസുകളും ക്യാമ്പിൽ പരിചയപ്പെടുത്തും. പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കും. നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ തയ്യാറാക്കുക. അനിമേഷൻ, പ്രോഗ്രാമിങ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിൽ 208 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽനിന്നായി സ്കൂൾതല ക്യാമ്പുകളിൽനിന്ന്‌ തെരഞ്ഞെടുത്ത 1306 കുട്ടികൾ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കും. അധ്യയനദിവസം നഷ്ടപ്പെടാതെയാണ് ശനിമുതൽ വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന 106 കുട്ടികൾക്ക്‌ ഡിസംബറിൽ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാം. യൂനിസെഫ് സഹായത്തോടെയാണ് ക്യാമ്പ്‌ നടക്കുന്നത്‌. Read on deshabhimani.com

Related News