പങ്കിടലിന്റെ ആഘോഷമൊരുക്കി വൃദ്ധമന്ദിരത്തിലെ അന്തേവാസികൾ
കൊച്ചി ദുരിതമനുഭവിക്കുന്നവരോടുള്ള കരുതൽകൂടിയാണ് ക്രിസ്‌മസ് എന്ന് ഓർമപ്പെടുത്തി തേവര ഗവ. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾ. നുള്ളിപ്പെറുക്കിയ സമ്പാദ്യം വയോധികർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയപ്പോൾ അവരിലൊരാൾ മുക്കാൽ പവൻ തൂക്കംവരുന്ന സ്വർണാഭരണവും നിറഞ്ഞ മനസോടെ കൈമാറി. മറക്കാനാകാത്ത ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുത്തു എന്നാണ് ചടങ്ങിനെത്തിയ മേയർ എം അനിൽകുമാർ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചത്. അന്തേവാസിയായ സരസ്വതിയമ്മയാണ് മുക്കാൽ പവനോളം വരുന്ന സ്വർണാഭരണം കൈമാറിയത്. മറ്റ് അന്തേവാസികൾ തങ്ങളുടെ ചെറുസമ്പാദ്യങ്ങളും സംഭാവന ചെയ്‌തു. അതിന് പുറമെ, ഒമ്പത് അന്തേവാസികൾ മരണാനന്തരം ശരീരം വൈദ്യശാസ്‌ത്രപഠനത്തിന് നൽകാനുള്ള സമ്മതപത്രവും ഒപ്പിട്ടുനൽകി. ആഘോഷങ്ങൾ മേയർ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ, ഓൾഡ് ഏജ് ഹോം സൂപ്രണ്ട് എ സജീവ് എന്നിവർ സംസാരിച്ചു. മേയർ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചു. അവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മേയറും കൗൺസിലർമാരും പിരിഞ്ഞത്. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. Read on deshabhimani.com