മൂവാറ്റുപുഴക്കാർക്ക് 
മറക്കാനാകാത്ത പി ജി



മൂവാറ്റുപുഴ മൂവാറ്റുപുഴക്കാർക്ക് "പി ജി' എന്ന രണ്ടക്ഷരം സംഘാടനത്തിന്റെ ബഹുമുഖമുദ്ര ജനമനസ്സുകളിൽ പതിപ്പിച്ച നേതാവാണ്. രാഷ്ട്രീയം, കലാസംസ്കാരികം, നിയമം, സഹകാരി, തൊഴിലാളി നേതാവ്, ജനപ്രതിനിധി എന്നിങ്ങനെ വിവിധമേഖലകളില്‍ മൂവാറ്റുപുഴയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഞായറാഴ്ച അന്തരിച്ച അഡ്വ. പി ജി സുരേഷ് കുമാർ. വിദ്യാർഥി, -യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് തൊഴിലാളി സംഘടനാ നേതാവും തുടർന്ന് പാർടി എരിയ നേതാവുമായി. രാഷ്ട്രീയ പ്രവർത്തനത്തിനും അഭിഭാഷക വൃത്തിക്കുമൊപ്പം കലാസാംസ്കാരികരംഗത്തും സജീവം. മൂവാറ്റുപുഴയിലെ പ്രമുഖ ക്രിമിനൽ ലോയർ എന്ന നിലയിലും ശ്രദ്ധേയനായി. സിപിഐ എമ്മി​ന്റെ ആദ്യകാല സംഘാടകനായ ടി കെ ബാലകൃഷ്ണൻനായരുടെ പാതയിലൂടെയാണ് സഹോദരീപുത്രനായ സുരേഷ് കുമാർ പ്രസ്ഥാനത്തിൽ സജീവമായത്. വ്യത്യസ്ത ട്രേഡ് യൂണിയനുകളുടെ നേതാവായി തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ വികസനരംഗത്ത് സംഭാവന നൽകിയ ജനപ്രതിനിധിയായും സഹകരണ മേഖലയിൽ പ്രമുഖ സഹകാരിയായും ജനമനസ്സുകളിൽ പി ജി സുരേഷ് കുമാർ ചേർന്നുനിന്നു. അദ്ദേഹത്തി​ന്റെ നിര്യാണത്തില്‍ സിപിഐ എം ഏരിയ കമ്മിറ്റി അനുശോചിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ഡീൻ കുര്യാക്കോസ് എംപി, ബാബു പോൾ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. Read on deshabhimani.com

Related News