യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി



പറവൂർ മന്നം സബ് സ്‌റ്റേഷനുസമീപത്തെ ഇലക്ട്രിക് വാഹനചാർജിങ് സ്റ്റേഷനിൽ യുവതിക്ക് ഷോക്കേറ്റതിനെ തുടർന്ന് കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അധികൃതർ പരിശോധന നടത്തി. കാരണം വ്യക്തമായിട്ടില്ലെന്നും പ്രശ്‌നം കണ്ടെത്തി പരിഹരിച്ചശേഷമേ ചാർജിങ് സെന്റർ തുറക്കൂവെന്നും അധികൃതർ പറഞ്ഞു. യന്ത്രം സ്ഥാപിച്ച ‘ടൈറക്‌സ്' കമ്പനിയുടെ അധികൃതരും പരിശോധന നടത്തി. നഗരസഭാ മുൻ കൗൺസിലർ വാണിയക്കാട് കളത്തിപ്പറമ്പിൽ കെ എൽ സ്വപ്‌നയ്ക്കാണ് (43) തിങ്കൾ രാവിലെ 6.45ന് ഷോക്കേറ്റത്. വലതുകൈയിലെ തള്ളവിരലിനും ഇടതുകാലിലും പൊള്ളലേറ്റ സ്വപ്‌ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  സംസ്ഥാനത്തെ വാഹനചാർജിങ് കേന്ദ്രത്തിൽനിന്ന് ആദ്യമായാണ് ഒരാൾക്ക്‌ ഷോക്കേൽക്കുന്നതെന്ന്‌ കെഎസ്ഇബി അധികൃതർ പറഞ്ഞു. 2022ലാണ് മന്നത്ത് നാലു ചാർജിങ് യന്ത്രങ്ങൾ സ്ഥാപിച്ചത്.  സ്വപ്‌ന കാർ ചാർജ് ചെയ്യുന്നതിനിടെ യന്ത്രത്തിലേക്കുള്ള വൈദ്യുതി നിലച്ചിരുന്നു. കാറിന്റെ കണക്ട‌റിൽനിന്ന്‌ പ്ലഗ് വിച്ഛേദിച്ച്‌ യന്ത്രത്തിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്. സ്വപ്‌ന നൽകിയ പരാതിയിൽ പറവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News