അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി



കൊച്ചി നൂതന ചികിത്സാരീതിയായ ജെറ്റ്സ്ട്രീം അതിരക്ടമി സംവിധാനത്തിന്റെ സഹായത്തോടെ കാലിലെ രക്തക്കുഴലിലെ തടസ്സം നീക്കാനുള്ള ചികിത്സ വിജയകരമായി നടത്തി ലിസി ആശുപത്രി. പക്ഷാഘാതത്തെ അതിജീവിച്ച പ്രമേഹരോഗികൂടിയായ വിൻസെന്റിന്റെ (62) ചികിത്സയാണ് ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്. രക്തയോട്ടം തടസ്സപ്പെട്ട് ഇടതുകാലിലെ അൾസർ ഭേദമാകാത്തതിനെ തുടർന്നാണ് ആലപ്പുഴ സ്വദേശി വിൻസെന്റ്‌ ലിസി ആശുപത്രിയിൽ എത്തിയത്‌. പ്രമേഹംമൂലം മൂന്നുവർഷംമുമ്പ്‌ രോഗിക്ക്‌ വലതുകാൽ നഷ്ടപ്പെട്ടിരുന്നു. ആൻജിയോഗ്രാം പരിശോധനയിൽ കാൽമുട്ടിനുസമീപം രക്തക്കുഴലിൽ കട്ടിയേറിയ കാൽസിഫൈഡ് ബ്ലോക്കുകൾ കണ്ടെത്തി. ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്നാണ്‌ സ്റ്റെന്റ്‌ ആവശ്യമില്ലാതെ കാൽസിഫൈഡ് ബ്ലോക്ക് പൊടിച്ചുകളയുന്ന ജെറ്റ്സ്ട്രീം അതിരക്ടമി സംവിധാനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് രക്തക്കുഴലുകളിലെ കാൽസ്യം അടിഞ്ഞുണ്ടായ കട്ടിയേറിയ ബ്ലോക്കുകൾ അതിനൂതന ഉപകരണങ്ങളുടെ സഹായത്താൽ പൊടിച്ചുമാറ്റി. ചികിത്സയ്ക്കുശേഷം നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ രക്തപ്രവാഹം ഏറെ മെച്ചപ്പെട്ടതായി കണ്ട്‌ രണ്ടുദിവസത്തിനുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. ഡോ. ലിജേഷ് കുമാർ, ഡോ. ഗിരീഷ്, ഡോ. ജി വി എൻ പ്രദീപ് എന്നിവരടങ്ങുന്ന മെഡിക്കൽസംഘമാണ് വിജയകരമായി ചികിത്സ പൂർത്തിയാക്കിയത്. Read on deshabhimani.com

Related News