കല്ലാ ലില്ലി കാണാം കൺനിറയെ



കൊച്ചി കൊച്ചിൻ ഫ്ലവർ ഷോയിലൂടെ കേരളത്തിൽ ആദ്യമായി വിരുന്നെത്തി കല്ലാ ലില്ലി പൂക്കൾ. പുഷ്പാലങ്കാരങ്ങളിലെ വിലകൂടിയ സാന്നിധ്യമായ കല്ലാ ലില്ലി പൂക്കൾ കേരളത്തിൽ ലഭ്യമാണെങ്കിലും പൂവിട്ട ചെടികൾ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്‌. അലങ്കാര ചേമ്പ് വർഗത്തിൽപ്പെട്ട ചെടി ഹോളണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത് ബംഗളൂരുവിലെ ഇന്തോ- അമേരിക്കൻ ഹൈബ്രിഡ്‌ സീഡ്സാണ് ഫ്ലവർ ഷോയിൽ എത്തിച്ചത്. ഓറഞ്ച്, വയലറ്റ്, മഞ്ഞ, വെള്ള തുടങ്ങി ഏഴു നിറങ്ങളിലുള്ള കല്ലാ ലില്ലികളാണ്‌ കൊച്ചിയിലെത്തിയത്‌. 12 നിറങ്ങളാണ്‌ ആകെയുള്ളത്‌. ഫ്ലവർ ഷോയിൽ ഒരടിമുതൽ ഒന്നര അടിവരെ ഉയരമുള്ള ചെടികളാണുള്ളത്‌. ഇലകൾക്കും പൂക്കൾക്കും ചേമ്പിന്റെ ആകൃതിതന്നെയാണ്.  ഉയർന്ന പ്രദേശങ്ങളിൽ തണുപ്പുള്ള കാലാവസ്ഥയിലാണ് വളർന്നു പുഷ്‌പിക്കുക. ഒരു കിഴങ്ങു നട്ടാൽ കൂട്ടമായി ചെടികൾ വളരും. ആറോ ഏഴോ പൂക്കൾ ഒന്നിച്ചുണ്ടാകും. ഇലകളിലെ വെള്ളപ്പുള്ളി ഭംഗിയേറ്റും.  ജനുവരി കഴിഞ്ഞാൽ പൂക്കളും ചെടികളും പൂർണമായി കൊഴിഞ്ഞുപോകും. കിഴങ്ങ് സൂക്ഷിച്ചുവച്ച് അടുത്ത സീസണിൽ അനുകൂല കാലാവസ്ഥയിൽ നട്ടാൽ പൂവിടും.  പൂവിന്റെ ആയുസ്സ് പരമാവധി 15 ദിവസമാണ്.ജനുവരി ഒന്നുവരെയാണ്‌ കൊച്ചിൻ ഫ്ലവർ ഷോ. സന്ദർശനസമയം രാവിലെ 9  മുതൽ രാത്രി  10 വരെ. Read on deshabhimani.com

Related News