31,688 പേർ എസ്‌എസ്‌എൽസി പരീക്ഷ എഴുതും ; ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി കോവിഡ്–-19ന്റെ പശ്ചാത്തലത്തിൽ മാറ്റിയ പരീക്ഷകൾ ചൊവ്വാഴ്‌ച തുടങ്ങും. എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷകളാണ് ചൊവ്വാഴ്‌ച നടക്കുക. ജില്ലയിൽ നാല് വിദ്യാഭ്യാസ ജില്ലകളിലായി (എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം) 31,688 കുട്ടികൾ എസ്‌എസ്‌എൽസി പരീക്ഷയും 34 കേന്ദ്രങ്ങളിലായി 4624 വിദ്യാർഥികൾ വിഎച്ച്‌എസ്‌ഇ പരീക്ഷയുമെഴുതും. ആവശ്യമുള്ള അധ്യാപകരെ പരീക്ഷ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്. അമ്പത്തഞ്ച് ക്ലസ്റ്ററുകളായി (എറണാകുളം–-19, ആലുവ-–-16, മൂവാറ്റുപുഴ–-9, കോതമംഗലം-–-11) തിരിച്ചിട്ടുള്ള എസ്‌എസ്‌എൽസി പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകൾ വിവിധ ട്രഷറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 320 സെന്ററുകളിലാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സെക്രട്ടറിയറ്റ് തലത്തിലും റവന്യൂ ജില്ലാ വിദ്യാഭ്യാസ ജില്ലാ തലത്തിലും പ്രത്യേകം സ്ക്വാഡുകളുണ്ട്. ചോദ്യപേപ്പർ വിതരണത്തിന് ക്ലസ്റ്ററുകൾ തിരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ ഔദ്യോഗിക സമയക്രമം പാലിക്കാൻ കർശനനിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കുള്ള സഹായങ്ങൾ (അധിക സമയം, വ്യാഖ്യാതാവിന്റെ സേവനം, സ്‌ക്രൈബ്) ആവശ്യമുള്ളിടത്ത് നൽകും. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂർ എസ്എൻഡിപി ഹൈസ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്-, 510 പേർ. തൃപ്പൂണിത്തുറ സംസ്കൃതം ഗവ. ഹൈസ്കൂളിലാണ് ഏറ്റവും കുറവ്, മൂന്ന് കുട്ടികൾ. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവർക്കും കർശനനിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധ സംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പരീക്ഷാ ഹാളുകളും ഫർണിച്ചറുകളും സ്കൂൾ പരിസരവും ശുചിയാക്കിയിരുന്നു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും ഹാളിലെ ഫർണിച്ചറുകൾ അണുവിമുക്തമാക്കാനും നിർദേശമുണ്ട്. വിദ്യാലയത്തിന്റെ പ്രധാന പ്രവേശനകവാടത്തിൽക്കൂടി മാത്രമെ പ്രവേശനം നൽകാവൂ. കവാടം കടന്നുവരുന്ന ഓരോ വിദ്യാർഥിക്കും സാനിറ്റൈസർ നൽകും. സാമൂഹ്യ അകലം പാലിക്കാൻ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള മാസ്‌കുകൾ, തെർമൽ സ്‌കാനർ, ഗ്ലൗസുകൾ എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചു. മാസ്‌കുകൾ വിദ്യാർഥികൾ ശരിയായ രീതിയിൽ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തും. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ കൂട്ടംകൂടുന്നത് തടയണമെന്ന് പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. അധിക ചോദ്യപേപ്പറുകൾ കേന്ദ്രങ്ങളിൽ ആവശ്യമായി വന്നാൽ എത്തിച്ചുനൽകും. പരീക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ നിർദേശം നൽകി. ഓരോ വിദ്യാർഥിക്കും എത്തിച്ചേരാനുള്ള ഗതാഗതസൗകര്യം ക്ലാസ് ടീച്ചറുടെ സഹായത്തോടെ പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണം. പൊതുഗതാഗതം, സ്‌കൂൾ ബസുകൾ, പിടിഎ സഹകരണത്തോടെയുള്ള വാഹനസൗകര്യം എന്നിവ ഉപയോഗപ്പെടുത്താം. Read on deshabhimani.com