ഓണമുണ്ണാൻ ജൈവപച്ചക്കറി; 
സംയോജിത കൃഷിക്ക്‌ വിത്തിട്ടു



കൊച്ചി കേരള കർഷകസംഘം, കെഎസ്‌കെടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ‘കർഷകകേരളം ജനകീയ ഇടപെടൽ’ എന്ന സന്ദേശം ഉയർത്തിയുള്ള സംയോജിത ജൈവപച്ചക്കറി കൃഷിക്കാണ്‌ തുടക്കമായത്‌. സംയുക്ത കൃഷിസമിതിയും ഫുഡ്‌ സെക്യൂരിറ്റി ആർമിയും ചേർന്നാണ്‌ സംരംഭം. കൃഷിയുടെ ജില്ലാ ഉദ്‌ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തൈനട്ട്‌ നിർവഹിച്ചു. സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി ഓണത്തിന്‌ വിളവെടുക്കാവുന്നതരത്തിലാണ്‌ കൃഷിയിറക്കിയത്‌. കലൂർ ലെനിൻ സെന്ററിന്‌ തൊട്ടടുത്ത്‌ പ്രവാസിയുടെ ഒരേക്കറോളം വരുന്ന ഭൂമി നിരപ്പാക്കിയെടുത്ത്‌ മണ്ണ്‌ കൂനയാക്കി അതിനുമുകളിലാണ്‌ വിത്തും ചെടികളും നട്ടത്‌.  നാലു ഭാഗങ്ങളായി തിരിച്ച്‌ പൂക്കൾ, പയർവർഗങ്ങൾ, വ്യത്യസ്‌ത തരത്തിലുള്ള മുളക്‌, വെണ്ട ഉൾപ്പെടെയുള്ള മറ്റു പച്ചക്കറികൾ എന്നിവ തരംതിരിച്ചാണ്‌ കൃഷി. വരുംദിവസങ്ങളിൽ ഏരിയ, പഞ്ചായത്ത്‌ തലത്തിലും വീടുകളിലും ജൈവപച്ചക്കറി കൃഷിയിറക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി സി ഷിബു, എം സി സുരേന്ദ്രൻ, ആർ അനിൽകുമാർ, സി കെ പരീത്‌, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്‌, പ്രസിഡന്റ്‌ അനീഷ്‌ എം മാത്യു, പള്ളിയാക്കൽ വിജയൻ, പി എച്ച്‌ ഷാഹുൽ ഹമീദ്‌ തുടങ്ങിയവർ തൈകൾ നട്ടു. Read on deshabhimani.com

Related News