തേവര–കുണ്ടന്നൂർ 
പാലത്തിൽ ടാറിങ് തുടങ്ങി



കൊച്ചി അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിനുപിന്നാലെ തേവര–-കുണ്ടന്നൂർ പാലത്തിലെ ടാറിങ്  വെള്ളിയാഴ്‌ച തുടങ്ങി. രാവിലെമുതൽ മഴസാധ്യത നിലനിന്നതിനാലും ഇടയ്‌ക്കിടെ മഴ ചാറിയതിനാലും കൂടുതൽ ദൂരം ടാറിങ് നടത്താനായില്ല. കഴിഞ്ഞദിവസം ടാറിങ് പൂർത്തിയായ പറമ്പിത്തറ പാലം വെള്ളി വൈകിട്ട്‌ ഗതാഗതത്തിനായി തുറന്നു. കാലാവസ്ഥ അനുകൂലമായാൽ മൂന്നുദിവസംകൊണ്ട്‌ തേവര–-കുണ്ടന്നൂർ പാലത്തിലെ ടാറിങ് പൂർത്തിയാകുമായിരുന്നു. ആകെ 1720 മീറ്റർ നീളമുള്ള പാലത്തിൽ 200 മീറ്റർ ടാറിങ് മാത്രമാണ്‌ വെള്ളിയാഴ്‌ച പൂർത്തിയാക്കാനായത്‌. തേവര ഭാഗത്തുനിന്നാണ്‌ ടാറിങ് തുടങ്ങിയത്‌. മഴ ഒഴിഞ്ഞുനിന്നാൽ രണ്ടുദിവസംകൂടിയെടുത്ത്‌ പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ കൂടുതൽ യന്ത്രങ്ങളും തൊഴിലാളികളെയും നിയോഗിച്ച്‌ ടാറിങ് വേഗത്തിലാക്കും. പറമ്പിത്തറ പാലത്തിൽ ടാറിങ് കഴിഞ്ഞതിന്റെ പിറ്റേന്നുമുതൽ ചെറുവാഹനങ്ങൾ അനുവദിച്ചിരുന്നു. തിങ്കളാഴ്‌ചയാണ്‌ പറമ്പിത്തറ പാലത്തിലെ ടാറിങ് തുടങ്ങിയത്‌. മഴ പ്രതീക്ഷിക്കുന്നതിനാൽ ആദ്യദിവസം കൂടുതൽ ദൂരം ടാർ ചെയ്യാനായില്ല. തുടർന്നുള്ള ദിവസങ്ങളിൽ വേഗത്തിലാക്കി 650 മീറ്റർ പാലത്തിലെ ടാറിങ് വ്യാഴാഴ്‌ച പൂർത്തിയാക്കി. പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്‌റ്റോൺ മാട്രിക്‌സ്‌ അസ്‌ഫാൾട്ട്‌ (എസ്‌എംഎഫ്‌) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ്ങാണ്‌ ഇരുപാലങ്ങളിലും നടക്കുന്നത്‌. പാലത്തിന്റെ കോൺക്രീറ്റ്‌ പ്രതലത്തിൽ പ്രത്യേക അളവിൽ നിർമിച്ച മിശ്രിതം ചേർത്ത്‌ ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎഫ്‌ നിർമാണവിദ്യ. ഇരുപാലങ്ങളുടെയും നവീകരണത്തിന്‌ 12.85 കോടി രൂപ പൊതുമരാമത്തുവകുപ്പ്‌ അനുവദിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News