വേങ്ങൂരിൽ തൂക്കുവേലി സ്ഥാപിക്കുന്നത് തുടങ്ങി
പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ വന്യജീവി ആക്രമണം തടയാൻ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന കൃഷിവകുപ്പും വനംവകുപ്പുംചേർന്ന് രാഷ്ട്രീയയോജന പദ്ധതിപ്രകാരം 42 ലക്ഷം രൂപ ചെലവഴിച്ചാണ് വേലി നിർമിക്കുന്നത്. പാണംകുഴി മുല്ലശേരി ക്ഷേത്രംമുതൽ പാണിയേലി പോര് വരെയുള്ള വനാതിർത്തിയിൽ ആറുകിലോ മീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് രൂപീകരിച്ച പ്രാദേശിക ഗുണഭോക്തൃ സമിതികൾക്കാണ് വേലിയുടെ പരിപാലനചുമതല. മൂന്നുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കും. വേങ്ങൂർ പഞ്ചായത്തിൽ വന്യമൃഗങ്ങൾ കർഷകരുടെ കൃഷി വൻതോതിലാണ് നശിപ്പിക്കുന്നത്. കർഷകരും വനപാലകരും ഉണർന്നിരുന്നാണ് വന്യമൃഗങ്ങളെ കാട്ടിലേക്ക് ഓടിച്ചുവിടുന്നത്. പഞ്ചായത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. Read on deshabhimani.com