വന്യമൃഗശല്യം ; നീണ്ടപാറയിലും ചെമ്പൻകുഴിയിലും തൂക്കുവേലി ഉടൻ
കോതമംഗലം വന്യമൃഗശല്യം തടയാൻ നീണ്ടപാറ, ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചെലവഴിച്ച് തൂക്കുവേലി സ്ഥാപിക്കുന്നത് ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മൂന്നരമീറ്റർ ഉയരത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് വേലി സ്ഥാപിക്കുക. ഇതിനുമുന്നോടിയായി ചെമ്പൻകുഴിയിൽ പ്രദേശവാസികൾ പങ്കെടുത്ത് ജനകീയസദസ്സ് സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. പി എം കണ്ണൻ, ഹരീഷ് രാജൻ, നേര്യമംഗലം റേഞ്ച് ഓഫീസർ കെ എഫ് ഷഹനാസ് എന്നിവർ സംസാരിച്ചു. വേലി സ്ഥാപിക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കാൻ ജനങ്ങളുടെ സഹകരണം വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. Read on deshabhimani.com