ലീഗിലെ തർക്കം ; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ രാജിവച്ചു
തൃക്കാക്കര മുസ്ലിംലീഗിൽ തർക്കംനിലനിൽക്കെ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ പി എം യൂനുസ് രാജിവച്ചു. സ്വതന്ത്ര അംഗം ഷാന അബ്ദു വൈസ് ചെയർമാനാകും. പദവിമാറ്റത്തിനെ ലീഗിലെ രണ്ട് അംഗങ്ങൾ എതിർത്തു. രണ്ടുമാസമായി വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി ലീഗിൽ കലാപമാണ്. എ എ ഇബ്രാഹിംകുട്ടിയെ യൂനുസും മറ്റു രണ്ട് അംഗങ്ങളും ചേർന്ന് എതിർത്ത് വോട്ടുചെയ്താണ് ഒരുവർഷംമുമ്പ് വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. പകരമെത്തിയ യൂനുസ് ഭൂരിപക്ഷം ഉറപ്പിക്കാൻ ഷാന അബ്ദുവിനെ പദവി വാഗ്ദാനം നൽകി കൂടെനിർത്തി. ഇതിന്റെ ഭാഗമായാണ് നിലവിലെ പദവി മാറ്റം. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ യൂനുസിനുപകരം അഞ്ചുമാസം ഷാന അബ്ദുവിനെ വൈസ് ചെയർമാനാക്കണം എന്നാണ് തീരുമാനം. അതുകഴിഞ്ഞുള്ള എട്ടുമാസം ലീഗ് അംഗം വൈസ് ചെയർമാനാകും. വനിതാ ലീഗ് ജില്ലാ ഭാരവാഹിയായ സജീനയെ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ വൈസ് ചെയർമാൻ സ്ഥാനമേറ്റശേഷം രണ്ട് സ്ഥിരം സമിതികളിലും പുതിയ ചെയർമാൻമാരെ നിയമിക്കും. യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്രരായ ഓമന സാബുവും ഷാജി പ്ലാശേരിയുമാണ് പുതിയ പദവികളിലേക്കു വരുന്നത്. യുഡിഎഫിന് തുടക്കംമുതൽ പിന്തുണ നൽകിയ സ്വതന്ത്ര അംഗം ഇ പി കാദർകുഞ്ഞിനെ പരിഗണിച്ചില്ല. Read on deshabhimani.com