തൃക്കാക്കര പൊലീസിന് ഇനി ടൈഗറിന്റെ കാവൽ ഇല്ല
തൃക്കാക്കര തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ കാവൽക്കാരനായി ജീവിച്ച ടൈഗർ ഇനിയില്ല. പത്ത് വർഷമായി പൊലീസ് സ്റ്റേഷന് കാവലായിരുന്ന നായയെ ചൊവ്വാഴ്ച കാറിടിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനുമുന്നിലായിരുന്നു അപകടം. ഉടനെ സമീപത്തെ സ്വകാര്യ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു. തെരുവിൽ കഴിഞ്ഞ നായ സ്റ്റേഷൻ കോമ്പൗണ്ടിലെ നിത്യസന്ദർശകനായതോടെയാണ് പൊലീസുകാർ ടൈഗർ എന്ന് പേരിട്ടത്. 2014 മുതൽ തൃക്കാക്കര പൊലീസ് സ്റ്റേഷനാണ് ഇവന്റെ താവളം. വെള്ളവും ഭക്ഷണവും നൽകിയതോടെ നായ പൊലീസുകാരുമായി ചങ്ങാത്തത്തിലായി. സ്റ്റേഷന് കാവലായി രാവും പകലും ഇവിടെത്തന്നെ. പൊലീസുകാർ ചായ കുടിക്കാൻ പോകുമ്പോഴെല്ലാം ഒപ്പംകൂടും. പൊലീസ് ജീപ്പ് സ്റ്റേഷൻ വളപ്പിൽനിന്ന് എടുക്കുമ്പോൾതന്നെ ടൈഗർ ഓടി റോഡിൽ പോയി നോക്കും. മറ്റു വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് പൊലീസ് ജീപ്പ് സുരക്ഷിതമായി കയറിയശേഷമേ മടങ്ങാറുള്ളൂ. രാത്രിയിൽ സ്റ്റേഷൻ പരിസരത്ത് ആരെങ്കിലും എത്തിയാൽ കുരയ്ക്കും. ഡ്യൂട്ടിയിലുള്ള പൊലീസുകാർ പുറത്തുവന്നാലേ പിൻമാറൂ. കലക്ടറേറ്റ് പടിക്കലെ സമരങ്ങളിൽ പ്രതിരോധം തീർക്കുന്ന പൊലീസിനൊപ്പവും പരേഡ് ഗ്രൗണ്ടിലും കോടതിയിൽ പ്രതികളെ കൊണ്ടുപോകുമ്പോഴും ഒപ്പമുണ്ടാകും. നിരവധിതവണ മാധ്യമങ്ങളിലൂടെയും "പ്രസിദ്ധനായി'. മൂന്നു വർഷംമുമ്പ് കാറിടിച്ച് ടൈഗറിന്റെ കാലൊടിഞ്ഞിരുന്നു. വെള്ളനിറത്തിലുള്ള കാറാണ് അന്ന് ഇടിച്ചത്. ഇതിനുശേഷം വെള്ള കാറുകൾക്കുപിന്നാലെ കുരച്ച് ഓടുന്നത് പതിവാണ്. അങ്ങനെ ഓടിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്ന് കരുതുന്നു. Read on deshabhimani.com