ഫ്ലാറ്റിലെ കൊലപാതകം ; ഗിരീഷ്‌ ബാബുവിന്റെ ഹെൽമെറ്റ്‌ കണ്ടെത്തി

കൂനംതെെയിലെ ഫ്ലാറ്റിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 
ഗിരീഷ് ബാബു കൈനഖം വെട്ടിയിട്ട സ്ഥലം പൊലീസിനെ കാണിക്കുന്നു


കളമശേരി ഇടപ്പള്ളി കൂനംതൈയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ജെയ്‌സി എബ്രഹാമിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരനായ മുഖ്യപ്രതി തൃക്കാക്കര സ്വദേശി ഗിരീഷ്‌ ബാബു ഉപയോഗിച്ച ഹെൽമെറ്റ്‌ കണ്ടെടുത്തു. ചൊവ്വാഴ്‌ച കളമശേരി പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങിയ പ്രതിയെ കാക്കനാട് മൈത്രീയപുരത്തെ വീട്ടിൽ എത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ്‌ ഹെൽമെറ്റ്‌ കണ്ടെടുത്തത്‌. ഈ ഹെൽമെറ്റ്‌ ഉപയോഗിച്ച്‌ മുഖംമറച്ചാണ്‌ ഇയാൾ 17ന്‌ കൂനംതൈയിലെ ഫ്ലാറ്റിലേക്ക്‌ കയറിയത്‌.ജെയ്‌സിയെ തലയ്‌ക്കടിച്ച്‌ കൊല്ലാൻ ഉപയോഗിച്ച ഡമ്പൽ, കൊലപാതകസമയത്ത്‌ ഉപയോഗിച്ച വസ്‌ത്രം, ബൈക്ക്‌, ജ്വല്ലറിയിൽ സ്വർണം വിറ്റതിന്റെ രേഖ, സ്വർണം വിറ്റുകിട്ടിയ 1.06 ലക്ഷം രൂപ എന്നിവയും വീട്ടിൽനിന്ന്‌ കണ്ടെത്തി. കൊലപാതകശേഷം കാക്കനാട് മൈത്രീയപുരത്തെ വീട്ടിൽ എത്തിയ പ്രതി ഹെൽമെറ്റ് വീട്ടിൽ വച്ചശേഷം കൈയിലെ നഖം വെട്ടി. നഖത്തിൽ രക്തക്കറയുള്ളതിനാലാണ്‌ ഇങ്ങനെ ചെയ്‌തത്‌. ഇയാളുടെ നഖം ഫൊറൻസിക് വിഭാഗം കണ്ടെത്തി. ബുധനാഴ്‌ച ഇയാളെ കൂനംതൈയിലെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുക്കും. പിടിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു പ്രതിയുടെ ആദ്യ പ്രതികരണമെന്ന്‌ പൊലീസ്‌ പറഞ്ഞു.കൊലപാതകം നടത്തിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടിയാണ് പ്രതി വിദഗ്ധമായി കടന്നത്. കൊല്ലപ്പെട്ട സ്ത്രീയുമായി ഫോണിൽ സംസാരിച്ചവർ, ഫ്ലാറ്റിൽ വന്നവർ എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. 45 ഓളംപേരെ ചോദ്യം ചെയ്തു. സമീപത്തെ സിസിടിവിയിൽനിന്ന് ഒരാൾ ഉച്ചസമയത്ത് ഹെൽമെറ്റ് ധരിച്ച് അപ്പാർട്ട്മെന്റിലേക്ക് പോകുന്നതായി കണ്ടെത്തി. ഈ അന്വേഷണമാണ്‌ ഗിരീഷ്‌ ബാബുവിലേക്ക്‌ എത്തിയത്‌.അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ട് കിലോമീറ്റർ സഞ്ചരിക്കാൻ പല ഓട്ടോകൾ അയാൾ മാറിക്കയറിയതായി കണ്ടു. കളമശേരി ഇൻസ്പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘം രാപകലില്ലാതെയാണ്‌ പ്രതിയെ കണ്ടെത്താൻ പരിശ്രമിച്ചത്. പിടികൂടിയത്‌ 
ആക്രിക്കാരനായെത്തി വീട് കണ്ടെത്തിയശേഷം ആക്രി പെറുക്കുന്നയാളായി അഭിനയിച്ചാണ് ഗിരീഷ്‌ ബാബുവിനെ പിടികൂടിയത്‌. വീട്ടിലെ ചുറ്റുപാട് മനസ്സിലാക്കിയ ടീമംഗമായ അജേഷ് കുമാർ ആക്രി പെറുക്കാനെന്ന മട്ടിൽ പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കാറിൽ രക്ഷപ്പെടാൻ തുടങ്ങിയ പ്രതിയെ തടഞ്ഞുനിർത്തിയാണ്‌ പിടികൂടിയത്‌. Read on deshabhimani.com

Related News