ലക്ഷ്യം 100 കോടി വിറ്റുവരവുള്ള 1000 സംരംഭം: മന്ത്രി പി രാജീവ്
കൊച്ചി സംസ്ഥാനത്ത് വർഷം 100 കോടി രൂപ വിറ്റുവരവുള്ള ആയിരം സംരംഭങ്ങൾ സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകരെ ആദരിക്കാൻ ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്‌റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്ക്) സംഘടിപ്പിച്ച "സല്യൂട്ട് കേരള 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ സംരംഭകമേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾ മികച്ച വ്യവസായ, നിക്ഷേപ കേന്ദ്രമായി കേരളത്തെ മാറ്റി. അത് ബിസിനസ് സൗഹൃദ റാങ്കിങ്ങിൽ ഒന്നാമതെത്താൻ സഹായിച്ചെന്നും മന്ത്രി പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇൻമെക്ക് ലീഡർഷിപ് സല്യൂട്ട്' പുരസ്കാരം ഡോ. പി മുഹമ്മദ് അലി ഗൾഫാറിന് മന്ത്രി സമ്മാനിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളായി. ജോർജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ്), ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ്), ഗോകുലം ഗോപാലൻ (ശ്രീഗോകുലം ഗ്രൂപ്പ്), വി കെ മാത്യൂസ് (ഐബിഎസ് സോഫ്റ്റ്-വെയർ), ഡോ. കെ വി ടോളിൻ (ടോളിൻസ് ടയേഴ്സ്), കെ മുരളീധരൻ (മുരള്യ, എസ്-എഫ്സി ഗ്രൂപ്പ്), വി കെ റസാഖ് (വികെസി ഗ്രൂപ്പ്), ഷീല കൊച്ചൗസേപ്പ് (വി സ്റ്റാർ ക്രിയേഷൻസ്), പി കെ മായൻ മുഹമ്മദ് (വെസ്റ്റേൺ പ്ലൈവുഡ്സ്), ഡോ. എ വി അനൂപ് (എവിഎ മെഡിമിക്സ് ഗ്രൂപ്പ്) എന്നിവർ ‘എക്സലൻസ് സല്യൂട്ട്' പുരസ്കാരം സ്വീകരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇൻമെക്ക് ചെയർമാൻ ഡോ. എൻ എം ഷറഫുദീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്-കുമാർ മധുസൂദനൻ, കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി യൂനുസ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com