ടീം കേരള ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്തു



തൃക്കാക്കര ഇതാദ്യമായി റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിലെ യുവജനങ്ങളുടെ സന്നദ്ധസേന ടീം കേരള മാർച്ച് ചെയ്തു. എറണാകുളം കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക്‌ദിന പരേഡിൽ ടീം കേരളയുടെ ആദ്യ ബറ്റാലിയൻ  അണിനിരന്ന്, മന്ത്രി പി രാജീവിൽനിന്ന്‌ അഭിവാദ്യം ഏറ്റുവാങ്ങി. 2018ലെ പ്രളയത്തിനുശേഷം ഏത് അടിയന്തരഘട്ടത്തിലും സമൂഹത്തിൽ രക്ഷകരായി എത്താൻ കഴിയുംവിധം യുവജനങ്ങളെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ടീം കേരള. യുവജനക്ഷേമ ബോർഡ്‌ ജില്ലയിൽ മൂന്ന് ക്യാമ്പുകൾ സംഘടിപ്പിച്ച്‌ 30 വയസ്സിന് താഴെയുള്ള സ്വയംസന്നദ്ധരായ യുവതീയുവാക്കളെ കണ്ടെത്തുകയായിരുന്നു. ഇവർക്ക്‌ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, പാലിയേറ്റീവ് കെയർ രംഗങ്ങളിൽ പരിശീലനം നൽകി. മുന്നൂറിലധികം സന്നദ്ധ പ്രവർത്തകർ ഇതുവരെ പരിശീലനം പൂർത്തിയാക്കി. എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലെ റിപ്പബ്ലിദിന പരേഡിൽ ടീം കേരള അണിനിരന്നു. അടിയന്തരഘട്ടങ്ങളിൽ യുവതയെ സ്വയംസന്നദ്ധരായി രംഗത്തിറക്കുക എന്ന ലക്ഷ്യത്തോടെ യുവജനക്ഷേമ ബോർഡ് ജില്ലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ജില്ലാ യൂത്ത് കോ–-ഓർഡിനേറ്റർ എ ആർ രഞ്ജിത് പറഞ്ഞു. Read on deshabhimani.com

Related News