പൊലീസ്‌ ചമഞ്ഞ്‌ ഭീഷണി ; 7.20 ലക്ഷം രൂപ തട്ടിയ 3 പേർ അറസ്‌റ്റിൽ



കൊച്ചി പൊലീസെന്ന വ്യാജേന വീഡിയോകോളിൽ ഭീഷണിപ്പെടുത്തി 7.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. ആലപ്പുഴ പഴവീട്‌ കിഴക്കേ മുളവനത്തറ വീട്ടിൽ സരൺ സുരേഷ്‌ (24), ചേർത്തല ചാലിയക്കുന്നത്ത്‌ വീട്ടിൽ ടി എസ്‌ അക്ഷയ്‌ (21), തൃശൂർ കുറ്റിച്ചിറ കറുപ്പശേരി വീട്ടിൽ ജിനേഷ്‌ കെ ജോസി (39) എന്നിവരെയാണ്‌ എറണാകുളം നോർത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എറണാകുളം നോർത്ത്‌ എസ്‌ആർഎം റോഡ്‌ സ്വദേശിയാണ്‌ പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽനിന്ന്‌ ലൈംഗിക അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന്‌ ഇവർ ആദ്യം അറിയിച്ചു. മഹാരാഷ്‌ട്ര ചെമ്പൂർ പൊലീസ്‌ സ്‌റ്റേഷനിൽ ഈ കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞു. രണ്ടാംപ്രതി അക്ഷയ്‌ സ്‌കൈപ്പ്‌ വീഡിയോകോളിൽ പൊലീസ്‌ വേഷം ധരിച്ചെത്തി ഭീഷണിപ്പെടുത്തി. കേസിന്റെ തെളിവിനായി ബാങ്ക്‌ അക്കൗണ്ട്‌ പരിശോധിക്കേണ്ടതുണ്ടെന്നും ഇവർ വിശ്വസിപ്പിച്ചു. ഇത്തരത്തിൽ പലതവണയായി പരാതിക്കാരന്റെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ 7.20 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്‌ പരാതി. ഇൻസ്പെക്ടർ സജീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. Read on deshabhimani.com

Related News