അഭ്യാസം കാട്ടി പൊലീസ് നായകൾ
കോതമംഗലം എംഎ കോളേജ് മൈതാനത്ത് സംഘടിപ്പിച്ച കേരള പൊലീസിന്റെ ശ്വാനപരിശീലനപ്രദർശനം കാണികൾക്ക് കൗതുകമായി. കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശനത്തിലാണ് പൊലീസിന്റെ കൊച്ചി, കളമശേരി കെ 9 ഡോഗ് സ്ക്വാഡിലെ നായകളുടെ അഭ്യാസപ്രകടനം സംഘടിപ്പിച്ചത്. മണംപിടിച്ച് കുറ്റവാളികളെയും സ്ഫോടകവസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായകളെ നേരിട്ടുകാണാനും അഭ്യാസപ്രകടനം ആസ്വദിക്കാനും നൂറുകണക്കിനുപേരാണ് പ്രദർശനനഗരിയിൽ ഒത്തുചേർന്നത്. ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട അർജുൻ, ബീഗിൾ ഇനത്തിലുള്ള ബെർട്ടി, ജർമൻ ഷെപ്പേഡ് റൂണി എന്നിവരായിരുന്നു താരങ്ങൾ. പരിശീലകരായ അസി. സബ് ഇൻസ്‌പെക്ടർ പ്രബീഷ് ശങ്കറിന്റെയും കളമശേരി കെ 9 ഡോഗ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ പി ആർ മോഹൻകുമാറിന്റെയും നേതൃത്വത്തിലായിരുന്നു നായകളെ പ്രകടനത്തിന് ഒരുക്കിയത്. നിറഞ്ഞ കൈയടികളോടെയാണ് ഓരോ പ്രകടനവും കാണികൾ ആസ്വദിച്ചത്. ദേഹപരിശോധന, വാഹനപരിശോധന, ബാഗ് പരിശോധന എന്നിവയ്ക്കുപുറമെ ഹർഡിൽ ഉൾപ്പെടെ പ്രതിബന്ധങ്ങൾ ചാടിക്കടക്കുന്നതും നായകളുടെ ശാരീരികക്ഷമത കാണിക്കുന്ന അഭ്യാസപ്രകടനങ്ങളും അവതരിപ്പിച്ചു. Read on deshabhimani.com