ദേശാടനപ്പക്ഷികളുടെ എണ്ണം കൂടി; മംഗളവനത്തിൽ കുറയുന്നു
കൊച്ചി ജില്ലയിൽ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ കാര്യമായി വർധനയുണ്ടാകുമ്പോഴും മംഗളവനത്തിൽ ചേക്കേറുന്ന പക്ഷികളുടെ എണ്ണം ഓരോ വർഷവും കുറയുന്നു. മംഗളവനത്തിനു ചുറ്റും കെട്ടിടങ്ങൾ ഉയരുന്നതും പക്ഷികൾക്ക‌് പറക്കാനുള്ള പാതകൾ അടഞ്ഞുപോകുന്നതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എറണാകുളം നഗരമധ്യത്തിൽ ഹൈക്കോടതിക്കു സമീപം 2.74 ഹെക്ടറാണ‌് മംഗളവനം. ഇന്ത്യൻ പിച്ച, നഗ‌്മോഹൻ തുടങ്ങിയ ദേശാടനപക്ഷികളും വിവിധയിനം കൊക്കുകളും ഇവിടെ ധാരാളമായി കണ്ടുവരുന്നുണ്ട‌്. എന്നാൽ, ഓരോ വർഷവും ഇവിടെ എത്തുന്ന പക്ഷികളുടെ എണ്ണത്തിൽ കാര്യമായി കുറവ‌് വരുന്നതായി പഠനറിപ്പോർട്ടുകൾ പറയുന്നു. 2014ൽ 108 തരം പക്ഷികളെ ഇവിടെ കണ്ടിരുന്നെങ്കിൽ 2017 ആയപ്പോൾ 98 ആയി കുറഞ്ഞു. മംഗളവനത്തിൽ ചേക്കേറുന്ന പക്ഷികളിൽ ഭൂരിപക്ഷവും ഭക്ഷണത്തിനായി ആശ്രയിക്കുന്നത‌് സമീപത്തെ വേമ്പനാട്ടുകായലിനെയാണ‌്. കായലിൽനിന്ന‌് മംഗളവനത്തിൽ എത്താനുള്ള മാർഗങ്ങൾ മുഴുവൻ വൻ കെട്ടിടങ്ങൾ അടച്ചുകളഞ്ഞു. കായലിൽനിന്ന‌് ഇരപിടിക്കുന്ന പക്ഷികളുടെ ചിറകുകൾ നനഞ്ഞതായതിനാൽ അവ ഒരിക്കലും നേരെ മുകളിലേക്ക‌് പറന്നുയരാറില്ല. ചെരിഞ്ഞു പറന്നാണ‌് ഇവ മംഗളവനത്തിൽ എത്തുന്നത‌്. എന്നാൽ, വൻ കെട്ടിടങ്ങൾ നിരനിരയായി ഉയർന്നതോടെ ഇവയുടെ പറക്കൽ തടസ്സപ്പെടുന്നതായി മംഗളവനത്തിലെ ഡിഎഫ‌്ഒ എം എസ‌് മനു പറഞ്ഞു. വേലിയേറ്റത്തെയും വേലിയിറക്കത്തെയും അടിസ്ഥാനമാക്കിയാണ‌് ഇവിടത്തെ ആവാസവ്യവസ്ഥ രൂപപ്പെട്ടിട്ടുള്ളത‌്. എന്നാൽ, ചളിനിറഞ്ഞ‌് ചതുപ്പിൽ തീറ്റ ഇല്ലാതായതും പക്ഷികളുടെ വരവിനെ ബാധിച്ചു. വനംവകുപ്പിന്റെ അനുമതിയോടെ തടാകത്തിലെ ചളി നീക്കാൻ കൊച്ചി കോർപറേഷൻ പദ്ധതി നടപ്പാക്കിയിരുന്നു. 25 ലക്ഷം രൂപ ചെലവ‌് കണക്കാക്കിയ പദ്ധതി പൂർണമായും നടപ്പാക്കാനായില്ല. മോട്ടോർ ഉപയോഗിച്ച‌് ആവാസവ്യവസ്ഥയ‌്ക്ക‌് കോട്ടംവരാതെ ചളി നീക്കാനാണ‌് കോർപറേഷൻ ഏൽപ്പിച്ച കാരറുകാരന‌് വനംവകുപ്പ‌് അനുമതി നൽകിയത‌്. എന്നാൽ, കരാറുകാരൻ ജെസിബി ഉപയോഗിച്ച‌് ചളി നീക്കംചെയ‌്തത‌് സന്തുലനാവസ്ഥയ‌്ക്ക‌് തകരാറുണ്ടാക്കി. മോട്ടോർ ഉപയോഗിച്ചാൽ ചെലവ‌് വർധിക്കുമെന്നായിരുന്നു കരാറുകാരന്റെ നിലപാട‌്. വിവാദമായതോടെ തടാകത്തിലേക്ക‌് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്ന പാതയിലെ ചളിമാത്രം നീക്കംചെയ‌്ത‌് പണി അവസാനിപ്പിച്ചു. തടാകത്തിൽ അടിഞ്ഞുകൂടിയ മാലിന്യവും പക്ഷികളുടെ വരവിനെ കുറച്ചു. എന്നാൽ, കടമക്കുടി പ്രദേശത്തെ തണ്ണീർത്തടങ്ങളിലും ജില്ലയിലെ മറ്റു തണ്ണീർത്തടങ്ങളിലും എത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി പക്ഷിനിരീക്ഷകർ പറയുന്നു. കടമക്കുടിയിലാണ‌് ഏറ്റവും പുതിയതായി ഗ്രേറ്റർ ഫ്ലെമിങ‌്ഗോ എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത‌്. 24നാണ‌് ഗ്രേറ്റർ ഫ്ലെമിങ്ഗോയെ ഇവിടെ കണ്ടതെന്ന‌് പക്ഷിനിരീക്ഷകനും കുസാറ്റ‌് ജീവനക്കാരനുമായ വിഷ‌്ണുപ്രിയൻകർത്താ പറഞ്ഞു. അമൂർ ഫാൽക്കൺ വിഭാഗത്തിൽപ്പെട്ട പക്ഷികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട‌്. സ‌്പൊർട്ട‌് ബിൽഡ‌് പെലിക്കൺ, റെഡ‌് നെക്ക‌്ഡ‌് ഫാൽക്കൺ തുടങ്ങി അപൂർവമായി കണാറുള്ള ഇനങ്ങളും ജില്ലയിൽ വിരുന്നെത്തിയിട്ടുണ്ട‌്. കടമക്കുടിയിൽ 190 ഇനങ്ങളെയും കണ്ടക്കടവ‌് പ്രദേശത്ത‌് 130 ഇനങ്ങളെയും കണ്ടെത്തിയിട്ടുണ്ട‌്. എച്ച‌്എംടിയുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ 182 തരം പക്ഷികളെ കണ്ടെത്താൻ കഴിഞ്ഞതായും വിഷ‌്ണു പറഞ്ഞു. Read on deshabhimani.com