ആഘോഷം ആവോളം ; കൊട്ടിക്കലാശം നാളെ



പെരുമ്പാവൂർ മൂന്നാംദിനത്തിനൊടുവിൽ ആലുവയും എറണാകുളവും തമ്മിലുള്ള കിരീടപ്പോര് മുറുകി. ഇരു ഉപജില്ലകൾക്കും 602 പോയിന്റ് വീതമുണ്ട്. പെരുമ്പാവൂർ 569 പോയിന്റോടെ മൂന്നാംസ്ഥാനത്ത് തുടരുകയാണ്. നോർത്ത് പറവൂർ (556), മട്ടാഞ്ചേരി (534) ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്‌കൂൾ കിരീടത്തിലേക്ക് ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് (209) കുതിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ രണ്ടാംസ്ഥാനത്തുണ്ട്‌ (163), എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസാണ് മൂന്നാമത്‌ (157). അറബിക് കലോത്സവം യുപി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 45 പോയിന്റുമായി ഒന്നാംസ്ഥാനം പങ്കിടുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ മുന്നിലെത്തി (70). സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ ഉപജില്ലയാണ് മുന്നിൽ (68). യുപി വിഭാഗത്തിൽ 65 പോയിന്റുമായി എറണാകുളം, നോർത്ത് പറവൂർ, പെരുമ്പാവൂർ ഉപജില്ലകൾ ഒന്നാംസ്ഥാനത്തുണ്ട്‌. സംസ്കൃതോത്സവവും അറബിക് കലോത്സവവും വ്യാഴാഴ്‌ച സമാപിക്കും. സംഘനൃത്തം, നാടോടിനൃത്തം, ചവിട്ടുനാടകം ഇനങ്ങളാണ് നാലാംദിനത്തിലെ പ്രധാന ആകർഷണം. ഇതുവരെ 36 അപ്പീലുകൾ ലഭിച്ചിട്ടുണ്ട്‌. കലോത്സവം വെള്ളിയാഴ്‌ച സമാപിക്കും. വിജയച്ചുവടുറപ്പിച്ച്‌ 
സഹൽ നൃത്തവേദിയിൽ വിജയച്ചുവടുറപ്പിച്ച്‌ മുഹമ്മദ്‌ സഹൽ. കഴിഞ്ഞവർഷം ഇരട്ടവിജയം നേടിയ സഹൽ ഇക്കുറി എച്ച്എസ്എസ്  ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയാണ്‌ തുടക്കം. വ്യാഴാഴ്‌ച കേരളനടനത്തിലും നാടോടിനൃത്തത്തിലും മത്സരിക്കും. തേവര എസ്എച്ച് എച്ച്‌എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥിയാണ്‌. ചുമട്ടുതൊഴിലാളിയായ (സിഐടിയു സിറ്റി യൂണിറ്റ്‌) മട്ടാഞ്ചേരി പനയപ്പിള്ളി പുളിക്കൽ വീട്ടിൽ ഷമീറിന്റെയും അനീഷയുടെയും മകനാണ്‌. സഹലിന്റെ സഹോദരി സഹല നർഗീസും നാടോടിനൃത്തം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ തുടർച്ചയായ മൂന്ന് വർഷം സംസ്ഥാന മേളയിൽ ജില്ലയെ പ്രതിനിധാനം ചെയ്‌തു. നാട്യശാല സ്‌കൂൾ ഓഫ് ഡാൻസിലെ സൂരജ് നായരാണ് സഹലിന്റെ പരിശീലകൻ. Read on deshabhimani.com

Related News