ടെക്നിക്കൽ സ്കൂൾ വാച്ചറുടെ പരാതി ; ബോയ്സ് സ്കൂൾ അധികൃതര്‍ക്കെതിരെ കേസെടുത്തു
ആലുവ ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ടെക്നിക്കൽ സ്കൂളും തമ്മിലുള്ള അതിർത്തിത്തർക്കത്തെ തുടർന്ന് ടെക്നിക്കൽ സ്കൂൾ വാച്ചറുടെ പരാതിയിൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പല്‍, പിടിഎ പ്രസിഡന്റ്, കമ്മിറ്റി അംഗം എന്നിവർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. നേരത്തേ ബോയ്സ് സ്കൂൾ അധികൃതരുടെ പരാതിയിൽ ടെക്നിക്കൽ സ്കൂൾ വാച്ചറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അടുത്തമാസം നിശ്ചയിച്ചിട്ടുള്ള, ടെക്നിക്കൽ സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായി ഒരുക്കിയ മുറ്റം ബോയ്സ് സ്കൂൾ അധികൃതർ ഒഴിവുദിവസം ജെസിബി ഉപയോഗിച്ച് അലങ്കോലപ്പെടുത്തിയതാണ് തർക്കത്തിന് തുടക്കം. ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ മുറ്റം കൈയേറി മണ്ണെടുത്ത് മാറ്റിയത് അറിഞ്ഞെത്തിയ ടെക്നിക്കൽ സ്കൂൾ വാച്ചർ നിർമാണം തടഞ്ഞു. ഇതേത്തുടർന്നുണ്ടായ തർക്കം ബഹളമായി. ഇരുസ്കൂളുകളും ഒരേ കോമ്പൗണ്ടിലാണ് പ്രവർത്തിക്കുന്നത്. 1998ലാണ് ബോയ്സിൽ ഹയർ സെക്കൻഡറി ആരംഭിച്ചത്. 2004ൽ ടെക്നിക്കൽ സ്കൂളും വന്നു. ഇതിനിടയിൽ ഹൈസ്കൂൾ വിഭാഗം, കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് നിർത്തലാക്കി. നാല് ഏക്കറോളം സ്ഥലമുണ്ട്. ബോയ്സിൽ 715 കുട്ടികളും ടെക്നിക്കലിൽ 200ഓളം കുട്ടികളുമാണുള്ളത്. ടെക്നിക്കലിന് അഞ്ച് ക്ലാസ് മുറികളാണ് സർക്കാർ അനുവദിച്ചത്. പ്രത്യേകമായി സ്ഥലം നൽകിയിട്ടുമില്ല. ബോയ്സിനാണെങ്കിൽ നാല് ഏക്കറോളം സ്ഥലം ഉണ്ടെങ്കിലും പാതിയും കാടുപിടിച്ചുകിടക്കുകയാണ്. ക്ലാസിലേക്കുപോലും പാമ്പ് എത്തിയ സംഭവമുണ്ടായി. 70 സെന്റ് തങ്ങൾക്ക് അളന്ന് നൽകണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിൽ ടെക്നിക്കൽ സ്കൂൾ അധികൃതർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനിടയിലാണ് തർക്കവും കേസും ഉണ്ടായത്. സ്കൂളിലെ മരം അനുമതിയില്ലാതെ മുറിച്ചെന്നാരോപിച്ച് വനംവകുപ്പിനും ടെക്നിക്കൽ സ്കൂൾ പരാതി നൽകിയിട്ടുണ്ട്. Read on deshabhimani.com