മെഡിക്കൽ കോളേജ് ആശുപത്രിയില്‍ 17 പുതിയ തസ്തികകൾ അനുവദിക്കും



കളമശേരി മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന 18–--ാമത് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസനസമിതി യോഗം 17 പുതിയ തസ്തിക അനുവദിക്കാൻ തീരുമാനിച്ചു.  കലക്ടർ എൻ എസ് കെ ഉമേഷ് അധ്യക്ഷനായി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ട 5758 പേർക്കും തടവിൽ കഴിയുന്ന 340 രോഗികൾക്കും, ശസ്ത്രക്രിയ, ഇംപ്ലാന്റ്‌, എക്‌സ് റേ, ഇസിജി, എംആർഐ സ്കാനിങ്, ലാബ് ടെസ്റ്റുകൾ, മരുന്ന് എന്നിവ സൗജന്യമായി നൽകിയിട്ടുണ്ട്. ആശുപത്രി വികസനസമിതി, മദദ് ഫണ്ട് എന്നിവയിൽനിന്ന്‌ പാവപ്പെട്ടവരും ആരുമില്ലാത്തവരുമായ  രോഗികൾക്കുവേണ്ടി ചികിത്സ ലഭ്യമാക്കി. പ്രിൻസിപ്പൽ ഓഫീസിൽനിന്ന്‌ പിരിച്ചുവിട്ട ജീവനക്കാരെ പാർട്ട് ടൈം ആയി ഒരുവർഷത്തേക്ക് നിയമിക്കും. ഡെർമറ്റോളജി വിഭാഗത്തിൽ പുതിയ അസതെറ്റിക് ക്ലിനിക്  ആരംഭിക്കാനുള്ള നിർദേശം അംഗീകരിച്ചു. കാഷ്വാലിറ്റിയിൽ ഹൃദ്‌രോഗം 15 മിനിറ്റിനകം സ്ഥിരീകരിക്കുന്നതിനും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുമുള്ള മെഷീൻ സ്ഥാപിക്കും. ആശുപത്രി സെക്യൂരിറ്റി വിഭാഗത്തിന് പ്രത്യേക തുക വകയിരുത്തി. ജീവനക്കാരുടെ ശമ്പളവർധനയ്‌ക്കും ചികിത്സാനിരക്കിലെ മാറ്റത്തിനും മെഡിക്കൽ സൂപ്രണ്ട് കലക്ടർക്ക്  നിർദേശം സമർപ്പിക്കും. ജോലിയിൽ പ്രവേശിച്ച് ഒരുവർഷമായ എച്ച്ഡിഎസ് ജീവനക്കാർക്ക് 10 ശതമാനം തുക വർധിപ്പിച്ച് നൽകും. വികസനസമിതി ജീവനക്കാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തും. Read on deshabhimani.com

Related News