പട്ടണം കവലയിൽ അടിപ്പാത വേണം; ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി
പറവൂർ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 പട്ടണം കവലയിൽ അടിപ്പാതയ്‌ക്കുള്ള സാധ്യത തേടി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സെക്രട്ടറിയറ്റിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി കൂടിക്കാഴ്‌ച നടത്തി. ദേശീയപാത നിർമാണത്തിലെ പരാതികളും ജനങ്ങളുടെ ആവശ്യങ്ങളും ചർച്ച ചെയ്യാനായി അടുത്ത ദിവസം ഉന്നതതല യോഗം ചേരുന്നുണ്ട്. അതിനുമുന്നോടിയായാണ് നിവേദനം നൽകിയത്. മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശമാണിതെന്നും അടിപ്പാത ഇല്ലാത്തത് പദ്ധതിയുടെ തുടർപ്രവർത്തനങ്ങളെ ബാധിക്കുമെന്നും ജനപ്രതിനിധികൾ ധരിപ്പിച്ചു. പട്ടണത്തെ സാധ്യതകൾ വിലയിരുത്തി അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനൽകി. കഴിഞ്ഞദിവസം മന്ത്രി പി രാജീവിനെ കണ്ട് ജനപ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.വാസന്തി പുഷ്പൻ, ലൈബി സാജു, എം എ സുധീഷ് എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു. Read on deshabhimani.com