വെർച്വൽ അറസ്‌റ്റിന്റെ പേരിൽ 
വീട്ടമ്മയുടെ നാലുകോടി തട്ടി



തൃക്കാക്കര വെർച്വൽ അറസ്‌റ്റിലാണെന്ന്‌ ഭീഷണിപ്പെടുത്തി കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സ്  സ്വദേശിനിയുടെ  4,11,90,094 രൂപ തട്ടിയെടുത്തു. ഇവരുടെ പേരിൽ ഡൽഹി ഐസിഐസിഐ ബാങ്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നായിരുന്നു ഭീഷണി. സന്ദീപ്കുമാർ എന്നയാൾ തട്ടിപ്പ്‌ കണ്ടെത്തി ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തെന്നാണ്‌ ഫോൺവഴി അറിയിപ്പ് ലഭിച്ചത്. മനുഷ്യക്കടത്ത്, ലഹരികടത്ത് എന്നിവ നടത്തിയ തുക കൈമാറിയത് ഈ അക്കൗണ്ടിലൂടെയാണെന്ന്‌ തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിച്ചു.  ഇവരുടെ പേരിലുള്ള മറ്റ് അക്കൗണ്ടുകൾ നിയമവിരുദ്ധമാണോയെന്ന്‌ പൊലീസ് അന്വേഷിക്കുകയാണെന്നും ഇവരെ അറിയിച്ചു. ഇതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുകയെല്ലാം പൊലീസിന് കൈമാറണമെന്നും കേസ് തീരുന്നമുറയ്ക്ക് തിരിച്ചുനൽകാമെന്നും വാട്‌സാപ്പിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും വന്നതോടെ കാക്കനാട്‌ സ്വദേശിനി തന്റെ മൂന്ന് അക്കൗണ്ടുകളിലെ തുക പലതവണയായി ഓൺലൈനായി അയച്ച് നൽകുകയായിരുന്നു. തുക കൈമാറിയശേഷം പിന്നീട് വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് ഇത് തട്ടിപ്പായിരുന്നെന്ന് വീട്ടമ്മ അറിയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News