വിദ്യാർഥിനിയെ പീഡിപ്പിച്ച 
മദ്രസ അധ്യാപകന് 70 വർഷം തടവ്



പെരുമ്പാവൂർ മദ്രസ വിദ്യാർഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മദ്രസയിലെ അധ്യാപകനായ പട്ടിമറ്റം കുമ്മനോട് തയ്യിൽവീട്ടിൽ ഷറഫുദ്ദീനെയാണ്‌ (27) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർമുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. മദ്രസയുടെ ടെറസിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസെടുത്തപ്പോള്‍ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോള്‍ കുട്ടി സംഭവം വിവരിച്ചു. അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. നിരവധി പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ മൊഴി. കൂടാതെ ശാരീരികമായും ഉപദ്രവിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന കേഴ്സൺ വി മാർക്കോസ്, എസ്ഐമാരായ സി എ ഇബ്രാഹിംകുട്ടി, പി എ സുബൈർ, എഎസ്ഐ ഇ എസ് ബിന്ദു, സീനിയർ സിപിഒ എ ആർ ജയൻ, സിപിഒ ഇൻഷാദ പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 2022 ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. 5 വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിൽ 20 വർഷംവീതവും രണ്ട് വകുപ്പുകളിൽ അഞ്ചുവർഷംവീതവുമാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. Read on deshabhimani.com

Related News