പറവൂർ താലൂക്കിൽ
13 ക്യാമ്പ് തുറന്നു

കോഴിത്തുരുത്തിൽ വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകൾ കൂട്ടത്തോടെ മറ്റൊരിടത്തേക്ക് മാറുന്നു


പറവൂർ/ആലങ്ങാട്/കരുമാല്ലൂർ തിങ്കൾ രാത്രിമുതൽ തുടരുന്ന കനത്ത മഴയിൽ ചാലക്കുടിയാറിലും പെരിയാറിലും വെള്ളം ഉയർന്നതോടെ പറവൂർ താലൂക്കിലെ പ്രധാന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പുത്തൻവേലിക്കര, ചേന്ദമംഗലം, കരുമാല്ലൂർ, ആലങ്ങാട്, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. താലൂക്കിൽ 13 ക്യാമ്പുകൾ തുറന്നു. കൂടുതൽ ക്യാമ്പ്‌ തുറക്കാൻ ക്രമീകരണമൊരുക്കി. പുത്തൻവേലിക്കര പഞ്ചായത്തിൽ ചാലക്കുടിപ്പുഴയോടും പെരിയാറിനോടും ചേർന്നുകിടക്കുന്ന കോഴിത്തുരുത്ത്, തെനപ്പുറം, കണക്കൻകടവ്, തേലത്തുരുത്ത്, പുലിയംതുരുത്ത്, ചൗക്കക്കടവ് മേഖലകളിൽ വീടുകൾക്കുള്ളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ 12 ഷട്ടറുകളിൽ 10 എണ്ണം ഉയർത്തി. കോഴിത്തുരുത്ത്, തെനപ്പുറം മേഖലകളിൽ വെള്ളം കയറിയ വീടുകളിൽനിന്ന്‌ വീട്ടുകാർ ബന്ധുവീടുകളിലേക്കും ക്യാമ്പിലേക്കും മാറി. മഴ തുടർന്നാൽ പ്രശ്നം രൂക്ഷമാകും. ഇളന്തിക്കര ഹൈസ്‌കൂളിലും തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിലും ആരംഭിച്ച ക്യാമ്പുകളിൽ 10 കുടുംബങ്ങളുണ്ട്‌. ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറം, പഴമ്പിള്ളിത്തുരുത്ത് ഭാഗങ്ങളിൽനിന്ന് ആളുകൾ മാറിത്താമസിക്കുന്നുണ്ട്. തെക്കുംപുറം തോട് കവിഞ്ഞൊഴുകി അഞ്ചു വീടുകൾ വെള്ളത്തിലായി. അറുപത്തഞ്ചുകാരിയായ കിടപ്പുരോഗി മാളിയേക്കൽ തുളസിയെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. പാലാതുരുത്ത് ഗുരുദേവ സംഘമിത്ര ഹാളിൽ ക്യാമ്പ്‌ തുടങ്ങി. ചിറ്റാറ്റുകര പഞ്ചായത്തിലെ വലിയപല്ലംതുരുത്ത്, ചെറിയപല്ലംതുരുത്ത്, തൂയിത്തറ, മുണ്ടുരുത്തി, പറവൂത്തറ തുടങ്ങിയ മേഖലകളിൽ വെള്ളം ഉയർന്നു. മുണ്ടുരുത്തി, പറവൂത്തറ, തൂയിത്തറ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം എത്തിയതോടെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി. കണ്ണൻകുളങ്ങര ഗവ. എൽപിഎസിൽ ക്യാമ്പ് തുടങ്ങി. കിടപ്പുരോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് താലൂക്കാശുപത്രിയിലെ ആംബുലൻസ് വിട്ടുനൽകും. കരുമാല്ലൂർ പഞ്ചായത്തിലെ മാട്ടുപുറം, മുറിയാക്കൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ഒന്ന്, നാല്, ഏഴ് എട്ട് വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷം. ചില വീടുകളിൽ വെള്ളം കയറി. പകർച്ചപ്പനി ഭീഷണിയുള്ളതിനാൽ ക്യാമ്പിൽ വരാതെ ആളുകൾ ബന്ധുവീടുകളിലേക്ക് താമസം മാറി. പുറപ്പിള്ളിക്കാവ് ബണ്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മാഞ്ഞാലി എഐ യുപിഎസ്, തട്ടാംപടി സെന്റ്‌ ലിറ്റിൽ ട്രീസാസ്, ആലങ്ങാട് കെഇഎംഎച്ച്എസ്, വെളിയത്തുനാട് എംഐ യുപി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങിയെങ്കിലും ആരും എത്തിയിട്ടില്ല.ആലങ്ങാട് പഞ്ചായത്തിലെ മേത്താനം കണ്ണാലിത്തെറ്റ, പാനായിക്കുളം കരീച്ചാൽ, കോട്ടപ്പുറം ചെറുതുരുത്ത് എന്നീ പ്രദേശങ്ങളിലുള്ള 20 വീടുകളിൽ വെള്ളം കയറി.   Read on deshabhimani.com

Related News