ഓൺലൈൻ ജോലി തട്ടിപ്പ്: ഒരാൾ പിടിയിൽ



വൈപ്പിൻ ഓൺലൈനായി വീട്ടിലിരുന്ന്‌ ജോലി ചെയ്‌ത്‌ പണം സമ്പാദിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മട്ടാഞ്ചേരി കോമ്പാറമുക്ക് എംകെഎസ് പറമ്പ് പുതുങ്ങാശേരി വസീമി (21)നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിനിയുടെ ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. തട്ടിപ്പുസംഘം പരിചയപ്പെടുത്തിയ ടെലിഗ്രാം ആപ് വഴി അയച്ചുതരുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ റേറ്റിങ് ഇടുകയായിരുന്നു ആദ്യജോലി. വിശ്വാസം ജനിപ്പിക്കുന്നതിന് ചെറിയ തുകകൾ ആദ്യം പ്രതിഫലമായി നൽകി. പിന്നീട് തട്ടിപ്പുസംഘം അയച്ചുനൽകിയ യുപിഐ ഐഡികളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ തിരികെ നൽകി. വലിയ തുക നിക്ഷേപിച്ചത് തിരികെ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ തുക നിക്ഷേപിച്ചെങ്കിൽ മാത്രമെ ആദ്യനിക്ഷേപങ്ങൾ തിരികെ നൽകൂ എന്നും ചെയ്ത ജോലികളിൽ തെറ്റുണ്ടെന്നും അതിന്‌ പിഴയടയ്ക്കണമെന്നും പറഞ്ഞാണ് പലതവണകളായി പണം തട്ടിയെടുത്തത്‌. തട്ടിയെടുത്ത പണത്തിന്റെ കുറച്ചുഭാഗം സ്വന്തം അക്കൗണ്ടിലേക്ക് എത്തിയത് ചെക്ക് വഴി പിൻവലിച്ചയാളാണ്‌ വസീം. സംഘത്തിൽ കൂടുതൽപേരുണ്ടെന്നും വസീം ഒത്താശ ചെയ്തയളാണെന്നും പൊലീസ്‌ പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എഎസ്ഐ ആന്റണി ജയ്സൺ, എസ്‌സിപിഒ സി പി ഉമേഷ്, ഒ രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു Read on deshabhimani.com

Related News