അടിയന്തര സാഹചര്യം നേരിടാൻ 
സജ്ജമാകണം: മന്ത്രി റോഷി



ഇടുക്കി ജില്ലയിൽ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളൊരുക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. താലൂക്ക്തല ചുമതലയുള്ള ഡെപ്യൂട്ടി കലക്‍ടർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. മഴയെ തുടർന്നുണ്ടായ തടസ്സങ്ങൾ നീക്കാൻ അഗ്നിരക്ഷാസേന, പൊലീസ്, തദ്ദേശഭരണം, പൊതുമരാമത്ത് വകുപ്പുകൾ എന്നിവയെ ചുമതലപ്പെടുത്തി. മണ്ണിടിച്ചിൽ, വെള്ളം കയറുന്ന മേഖലകൾ എന്നിവിടങ്ങളിൽനിന്ന്‌ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകൾ മുൻകൂട്ടി കണ്ടുവയ്‍ക്കണം. വീടുകളോടുചേർന്ന് സംരക്ഷണഭിത്തി തകർന്നിട്ടുള്ളതും  അപകടാവസ്ഥയിലായതുമായ സ്ഥലങ്ങൾ കണ്ടെത്താൻ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ജില്ലാ ആസ്ഥാനത്തുള്ള എൻഡിആർഎഫ് ഡിസാസ്റ്റർ സംഘം ജാഗരൂകരായിരിക്കണമെന്ന്‌ മന്ത്രി നിർദേശിച്ചു.  ഇടുക്കി, കല്ലാർകുട്ടി, ഇരട്ടയാർ, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി. മണ്ണിടിച്ചിലുണ്ടായ റോഡുകൾ ഗതാഗത യോഗ്യമാക്കിയെന്ന് പൊതുമരാമത്ത്, ദേശീയപാത വിഭാ​ഗം ഉദ്യോഗസ്ഥർ പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തഹസിൽദാർ പറഞ്ഞു.  ജില്ലാ  ഉദ്യോഗസ്ഥർ ആസ്ഥാനം വിട്ടുപോകരുതെന്ന് കലക്‍ടർ വി വിഗ്‌നേ​ശ്വരി പറഞ്ഞു. ദുർബല പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്.  Read on deshabhimani.com

Related News