പ്രതിപക്ഷ നേതാവിന്റെ പരിപാടിയില്‍ പങ്കെടുക്കാതെ ഡിസിസി പ്രസിഡന്റ്



  കട്ടപ്പന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടകനായ പരിപാടിയിൽ പങ്കെടുക്കാതെ ഡിസിസി പ്രസിഡന്റ് സി പി മാത്യു. അന്തരിച്ച ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റ് കെ വി ജോർജിന്റെ ഒന്നാം ചരമവാർഷികത്തിലാണ് ഡിസിസി പ്രസിഡന്റിന്റെ അസാന്നിധ്യം നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ചർച്ചയായത്. പരിപാടിയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും പങ്കെടുത്തിരുന്നു. നോട്ടീസിൽ പേര് ഉണ്ടായിരുന്നെങ്കിലും സി പി മാത്യു വിട്ടുനിന്നത് കോൺഗ്രസിൽ നാളുകളായി തുടരുന്ന ഭിന്നതയെത്തുടർന്നാണെന്ന് അടക്കംപറച്ചിലുണ്ട്. 
    കെ സുധാകരന് നേരിട്ടുനൽകിയ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെങ്കിലും ജില്ലയിലെ എ, ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ പക്ഷവും ഇടഞ്ഞുനിൽക്കുന്നതിനാൽ സി പി മാത്യു ഒറ്റപ്പെട്ടിരിക്കുകയാണ്. നേരത്തെ പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ടിനെ കെപിസിസി മാറ്റിയതിൽ സി പി മാത്യു നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. പെരുവന്താനം പഞ്ചായത്ത് ഓഫീസിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതിനായിരുന്നു ഷാജിക്കെതിരെ നടപടി. എന്നാൽ തന്നെ അറിയിക്കാതെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് സി പി മാത്യു, കെ സുധാകരന് രാജിക്കത്ത് നൽകി. കൂടാതെ, മുട്ടം മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോനെ പുറത്താക്കിയ ഡിസിസി പ്രസിഡന്റിന്റെ തീരുമാനം കെപിസിസി മരവിപ്പിച്ചതും ഭിന്നത രൂക്ഷമാക്കി.  യൂണിയൻ പ്രവർത്തകനെ മർദിച്ചകേസിൽ പ്രതിയായ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരനുമായും ഡിസിസി പ്രസിഡന്റ് ഇടഞ്ഞുനിൽക്കുന്നതായാണ് വിവരം. വൃദ്ധയെ മർദിച്ച മറ്റൊരുകേസിലും പ്രതിയായ രാജ മാട്ടുക്കാരനും അറസ്റ്റ് ഭയന്ന് പരിപാടിയിൽ പങ്കെടുത്തില്ല.   Read on deshabhimani.com

Related News