മാലിന്യമുക്തം 
നവകേരളം രണ്ടാംഘട്ടം തുടങ്ങി



 ഇടുക്കി മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ജില്ലാതലം കമ്പിളികണ്ടത്ത്‌ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്തു. ഹരിത സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കുള്ള സർടിഫിക്കറ്റും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പദ്ധതിയിലൂടെ കമ്പിളികണ്ടം ടൗൺ സമ്പൂർണ ഹരിത ടൗണായി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകൂടി, പാറത്തോട്, കമ്പിളികണ്ടം, മുക്കുടം ചതുരക്കള്ളിപ്പാറത്തോട് എന്നിവിടങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ഒപ്പം പഞ്ചായത്തിലെ അങ്കണവാടികൾ, വിവിധ ഓഫീസുകൾ, സ്കൂളുകൾ, വ്യാപാരസ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയെടുക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു.   മാലിന്യസംസ്കരണ സന്ദേശങ്ങൾ ഉയർത്തിക്കാട്ടി കമ്പിളികണ്ടം മിനി സ്റ്റേഡിയത്തിൽനിന്നും ടൗൺവരെ ശുചിത്വ സന്ദേശറാലിയും നടന്നു. കൊന്നത്തടി പഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പൂന്താളിയിൽ പഞ്ചായത്ത് വക സ്ഥലത്തു നിർമിക്കുന്ന മെറ്റീരിയൽ കലക്ഷൻ സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി റോഷി നിർവഹിച്ചു.  പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളായ കമ്പിളികണ്ടം, കല്ലാർകുട്ടി എന്നിവിടങ്ങളിൽ യാത്രക്കാർക്ക് വഴിയോര വിശ്രമകേന്ദ്രങ്ങളും ജനങ്ങൾക്കായി തുറന്നു നൽകി. ഭൂമിവിട്ടു നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. Read on deshabhimani.com

Related News