കോൺഗ്രസ് ധിക്കാരത്തിന് ഇനിയും തിരിച്ചടിയുണ്ടാകും: സി വി വർഗീസ്
ചെറുതോണി പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കിന് ഇനിയും കോൺഗ്രസിന് തിരിച്ചടി ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. കോൺഗ്രസിൽനിന്ന് രാജിവച്ചെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് പി സി ജിബു, കോൺഗ്രസ് തങ്കമണി ടൗൺ കമ്മിറ്റി പ്രസിഡന്റ് സുനിൽ തോപ്പിൽ എന്നിവർക്ക് തങ്കമണിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽനിന്ന് ഇനിയും കൂടുതൽപേർ സിപിഐ എമ്മിന്റെ ഭാഗമാകും. ജനങ്ങളുടെ സാമൂഹിക ജീവിതത്തിലിടപെടാതെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹങ്കാരത്തിൽ അഭിരമിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധമുള്ള ഒട്ടേറെപ്പേർ ആ പാർടി വിടും. ശരിയുടെ പക്ഷത്ത് അണിചേർന്ന് ഇടതുപക്ഷ മുന്നേറ്റവും അതിലൂടെ സാധാരണ ജനതയുടെ ജീവിത പുരോഗതിയുമാണ് ഏവരും ആഗ്രഹിക്കുന്നത്. ഇടുക്കിയിൽ കാർഷിക താൽപ്പര്യം ഉയർത്തിപ്പിടിച്ച് ജനകീയ ബദൽ വികസന പരിപ്രേഷ്യം സൃഷ്ടിച്ച് മുന്നേറുന്ന ഇടതുപക്ഷം കൂടുതൽ കരുത്താർജിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിന്റെ സൈബർ പോരാളിയും ജയിൽവാസം ഉൾപ്പടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള യൂത്ത് കോൺഗ്രസ് നേതാവ് പി സി ജിബുവും കോൺഗ്രസ് തങ്കമണി ടൗൺ കമ്മിറ്റി പ്രസിഡന്റ് സുനിൽ തോപ്പിൽ എന്നിവർക്ക് സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉജ്വലവരവേൽപ്പാണ് നൽകിയത്. ഏരിയ കമ്മിറ്റിയംഗം എം ജെ ജോൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, ഏരിയ കമ്മറ്റിയംഗങ്ങളായ കെ ജെ ഷൈൻ, മോളിക്കുട്ടി ജെയിംസ്, ലോക്കൽ സെക്രട്ടറി കെ എസ് മോഹനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com