വയനാടിനെ ചേര്‍ത്തുപിടിച്ച് ഡിവൈഎഫ്‌ഐ



കട്ടപ്പന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി വയനാട്ടിലെ ദുരന്തബാധിതർക്കായി വീടുകൾ നിർമിക്കാൻ തുക കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച പാഴ്‌വസ്തു ശേഖരണത്തിന് ജില്ലയിൽ ഉജ്ജ്വല തുടക്കം. ആളുകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 25 വീടുകൾ നിർമിച്ചുനൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് റീസൈക്കിൾ കേരളയിലൂടെ 11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയും ജനകീയ ലേലത്തിലൂടെയും പ്രവർത്തകരുടെ വരുമാനത്തിന്റെ ഒരുവിഹിതം സംഭാവന ചെയ്തും കായികാധ്വാനം നടത്തിയും പണം കണ്ടെത്തും. ജില്ലയിലെ എല്ലാ ബ്ലോക്കിലും ആദ്യഘട്ട പാഴ്‌വസ്തു ശേഖരണം തുടങ്ങി. ജില്ലയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് പാഴ്‌വസ്തുക്കൾ ശേഖരിക്കും. ദുരിതബാധിതരെ സഹായിക്കാൻ സുമനസുകളുടെ സഹകരണം ഉണ്ടാകണമെന്നും എല്ലാ ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ് എന്നിവർ ആവശ്യപ്പെട്ടു. ആദ്യദിനത്തിൽ ക്വാട്ട 
പൂർത്തീകരിച്ച് അണക്കര പാഴ്‌വസ്തുശേഖരണം ആരംഭിച്ച ശനിയാഴ്ച ക്വാട്ട പൂർത്തീകരിച്ച് ഡിവൈഎഫ്‌ഐ അണക്കര മേഖല. മുഴുവൻ പ്രവർത്തകരും മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റ് തുക കണ്ടെത്തി. അണക്കരയിൽ നടന്ന യോഗത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് തുക ഏറ്റുവാങ്ങി. Read on deshabhimani.com

Related News