റോപ്‌വേക്കുണ്ടൊരു ചരിത്രം



പീരുമേട്  കുട്ടിക്കാനം-–മുണ്ടക്കയം റോപ്‌വേ വിസ്മൃതിയിലായിട്ട് നൂറാണ്ട്. മൂന്നാറിലേതിനുസമാനമായി ബ്രിട്ടീഷുകാർ ചരക്കുനീക്കത്തിന് 1924ൽ നിർമിച്ചതാണിത്. ഇതേവർഷം പ്രവർത്തിപ്പിച്ചുതുടങ്ങിയെങ്കിലും 99ലെ വെള്ളപ്പൊക്കത്തിൽ നശിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ നടത്തിയ പണിമുടക്കിനെത്തുടർന്നാണ് റോപ്‌വേ സംവിധാനം ആരംഭിച്ചത്.  കാളവണ്ടിപ്പാത വരുംമുമ്പെ കുട്ടിക്കാനം മേഖലയിൽ കാപ്പിയും തേയിലയും വ്യാപകമായി കൃഷിചെയ്തിരുന്നു. വിളകൾ കുതിരപ്പുറത്തും തലച്ചുമടായുമാണ് ഈ കാലയളവിൽ മുണ്ടക്കയത്തെത്തിച്ചിരുന്നത്. പാത നിർമിച്ചതോടെ കാളവണ്ടികൾ ധാരാളമായി ഓടിത്തുടങ്ങി. എന്നാൽ കാളകൾക്ക് തീറ്റയും വെള്ളവും നൽകാത്തതിൽ പ്രതിഷേധിച്ച് 1912ൽ തൊഴിലാളികൾ പണിമുടക്കിയതോടെ ചരക്ക് എത്തിക്കാൻ ബദൽമാർഗം ബ്രിട്ടീഷുകാർ ആലോചിച്ചു. ചുമതലക്കാരൻ റിച്ചാർഡ്സൺ ഇംഗ്ലണ്ടിൽനിന്ന് കപ്പൽമാർഗം മൂന്നുലോറികൾ മുണ്ടക്കയത്ത് എത്തിച്ചു. ദുർഘടമായ കാളവണ്ടിപ്പാതയിലൂടെ ലോറികൾക്ക് ചുരം കയറാനായില്ല. തുടർന്നായിരുന്നു റോപ്‌വേ ആശയം. റിച്ചാർഡ്സൺ ചെയർമാനായി ‘ദി മുണ്ടക്കയം പീരുമേട് മോട്ടോർ ട്രാൻസ്‌പോർട്ട് ആൻഡ് ഏരിയൽ റോപ്‌വേ കമ്പനി ലിമിറ്റഡ്' രൂപീകരിച്ചു. തിരുവിതാംകൂർ ഭരണം സ്ഥാപിച്ച ആദ്യ പൊതുമേഖലാ സ്ഥാപനമായിരുന്നു ഇത്.  റോപ്‌വേ സർവേ നടന്ന 1914ൽ ഒന്നാം ലോകയുദ്ധം തുടങ്ങി. റോപ്‌വേ നിർമാണ സാമഗ്രികളുമായി ഇന്ത്യയിലേക്ക് വന്ന കപ്പൽ 1916ൽ കടലിൽ തകർക്കപ്പെട്ടു. എട്ടുവർഷത്തിനുശേഷം മുണ്ടക്കയം 35–-ാംമൈലിൽനിന്ന് കുട്ടിക്കാനത്തേയ്ക്ക് കോട്ടയം-–കുമളി റോഡിന് സമാന്തരമായി അഞ്ചര മൈൽ ദൂരത്തിൽ റോപ്‌വേ നിർമിച്ചു. മലനിരകളിൽ നിരവധി ടവറുകൾ പണിതു. രണ്ട് ക്രൂഡോയിൽ എൻജിൻ ഉപയോഗിച്ചായിരുന്നു പ്രവർത്തനം. കുട്ടിക്കാനത്തുനിന്ന് മേക്കുന്നം, അഴങ്ങാട്, പട്ടിക്കുന്ന്, മേലോരം മലനിരകൾ വഴിയാണ് റോപ്‌വേ മുണ്ടക്കയത്ത് എത്തിയിരുന്നത്. എന്നാൽ 99ലെ വെള്ളപ്പൊക്കത്തിൽ ഇതിന്റെ പ്രവർത്തനം നിലച്ചു. ടവറുകൾ തകരാറിലാകുകയും റോപ്പുകൾ പൊട്ടുന്നതും പതിവായതോടെ ചരക്കുനീക്കം ദുഷ്‌കരമായി. കെകെ റോഡ് നിർമാണം പൂർത്തിയായതോടെ റോപ്‌വേ ഉപേക്ഷിച്ചു. ടവറുകളുടെ കോൺക്രീറ്റ് തൂണുകൾ മാത്രമാണ് ഒരു നൂറ്റാണ്ടിനിപ്പുറം ശേഷിക്കുന്നത്. റോപ്പ എന്ന പേരിൽ കുട്ടിക്കാനത്ത് നിർമിച്ച കെട്ടിടം പിന്നീട് സിവിൽ സപ്ലൈസ് ഗോഡൗണായി മാറി. ഇപ്പോൾ അടഞ്ഞുകിടക്കുന്നു.   Read on deshabhimani.com

Related News