കടുവാ സങ്കേതത്തിനായി കുടിയൊഴിപ്പിക്കല്‍; എംപി ഉത്തരവ് മറച്ചുവച്ചു: സിപിഐ എം



ചെറുതോണി പെരിയാർ കടുവാസങ്കേതത്തിന്റെ വിസ്തൃതി വ്യാപനത്തിനായി സമീപവാസികളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രംനടത്തുന്ന ആസൂത്രിത നീക്കത്തിൽ എംപിയുടെ മൗനം ദുരൂഹവും സംശയാസ്പദവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. പാർലമെന്റംഗം എന്നനിലയിൽ കേന്ദ്രസർക്കാർ ഉത്തരവുകൾ ആദ്യമേ അറിയാൻ കഴിഞ്ഞിട്ടും ജനങ്ങളിൽനിന്ന് മറച്ചുവച്ച് പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിക്കുകയാണ് എംപി. കടുവാ സംരക്ഷണത്തിനായി രാജ്യത്താകെ 64,801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി തീരുമാനിച്ചത്. മെമ്പർ സെക്രട്ടറി ഡോ. ജിഎസ് ഭരദ്വാജ് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന വന്യജീവി വിഭാഗം പ്രിൻസിപ്പൽ സിസിഎഫുമാർക്ക് അയച്ചു. കേരളത്തിൽ ആയിരത്തോളംപേരെ കുടിയൊഴിപ്പിക്കാനാണ് തീരുമാനം. തേക്കടി പെരിയാർ കടുവാസങ്കേതം, പറമ്പിക്കുളം എന്നിവയാണ് ഇപ്പോഴുള്ള കടുവാസങ്കേതങ്ങൾ. വയനാട് കടുവാസങ്കേതം പ്രഖ്യാപിച്ചിട്ടുള്ളത് പ്രവർത്തനപഥത്തിലേക്ക് കൊണ്ടുവരാനും ശ്രമമുണ്ട്. കുമളിയോട് ചേർന്നുള്ള കടുവാസങ്കേതത്തിന്റെ സമീപവാസികളെയാണ് കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് ബാധിക്കുന്നത്. പുനരധിവാസം സംബന്ധിച്ച് കടുവ സംരക്ഷണ അതോറിറ്റിയോ, കേന്ദ്രസർക്കാരോ ഒന്നും വ്യക്തമാക്കിയിട്ടില്ല. എംപി ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തി. പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വംനൽകുമെന്ന് പാർടി സെക്രട്ടറിയറ്റ് വ്യക്തമാക്കി.  ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിരവധി നീക്കങ്ങൾ കേന്ദ്രസർക്കാരിൽനിന്ന് നിരന്തരമുണ്ടാകുമ്പോഴും തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിരമിച്ച് കഴിയുകയാണ് എംപി. അനിവാര്യമായ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കാതെ ഒരാളെപ്പോലും കുടിയൊഴിപ്പിക്കാനോ മാറ്റിപ്പാർപ്പിക്കാനോ അനുവദിക്കില്ല. 2013 നവംബർ 13ലെ യുപിഎ സർക്കാരിന്റെ ഉത്തരവിലൂടെയാണ് ജില്ലയിലെ വില്ലേജുകൾ ഇഎസ്എയിൽ ഉൾപ്പെടുത്തി നിർമാണനിരോധനം കൊണ്ടുവന്നത്. കോൺഗ്രസ് തീർത്ത ഈ ചതിക്കുഴിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ വനത്തിൽമാത്രം ഇഎസ്എ നിജപ്പെടുത്തി. സംസ്ഥാന സർക്കാർ പുതിയ നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചത്. സിഎച്ച്ആർ, ഇഎസ്എ, ബഫർസോൺ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എംപിയുടെ നിരുത്തരവാദിത്വ നിലപാടിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും.   1973ൽ ഇന്ദിരാഗാന്ധി മുൻകെെയെടുത്താണ് വിദേശഫണ്ട് ലക്ഷ്യംവച്ച് രാജ്യത്താകെ കടുവാസങ്കേതങ്ങൾ ആരംഭിച്ചത്. കോൺഗ്രസ് സർക്കാർ ആരംഭിച്ച കടുവാസങ്കേതം പദ്ധതിയിലുള്ള പെരിയാർ സങ്കേതത്തിന്റെ വിസ്തൃതി വർധിപ്പിക്കുന്നതിനെ എതിർക്കാൻ കോൺഗ്രസുകാരനായ എംപി എന്ന നിലയിൽ ഡീൻ കുര്യാക്കോസിന് സാധിക്കില്ല. ഇതിനാൽ ഉത്തരവ് ഒളിപ്പിച്ചുവയ്ക്കുകയും കുടിയിറക്കാനുള്ള നീക്കം ജനങ്ങളെ അറിയിക്കാതെ മൂടവക്കുകയും ചെയ്തു. എംപിയുടെ ഒളിച്ചുകളി തുറന്നുകാണിച്ചും കുടിയിറക്കിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. Read on deshabhimani.com

Related News