ബ്ലാക്ക് ആന്‍ഡ് വൈറ്റിലും എന്തൊരു ചന്തമാണ് പീരുമേടിന്



പീരുമേട് ‘പതിനാറ് വയതിനിലെ...പതിനേഴ് പിള്ളയപ്പാ’, പി സുശീലയുടെ ശബ്‍ദമാധുര്യവും ജയലളിതയുടെ നടനമികവും ചേര്‍ന്ന ക്ലാസിക് ​ഗാനം. പാട്ടിന് ചാരുതയേകി കുട്ടിക്കാനം ആഷ്‍ലി എസ്റ്റേറ്റിന്റെ ദൃശ്യപശ്ചാത്തലവും. എംജിആര്‍ മുഖ്യവേഷത്തിലെത്തിയ ‘അന്നമിട്ടകൈ’യിലാണ് പീരുമേടിന്റെ സൗന്ദര്യം തുളുമ്പുന്ന കാഴ്‍ചകളുള്ളത്. ആഷ്‌ലി എസ്റ്റേറ്റിലും അഴുതയാറിലും പരിസരങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. എംജിആറിന്റെ അവസാന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ അന്നമിട്ടകൈ റിലീസ് ചെയ്‍തിട്ട് 52 വര്‍ഷമാകുന്നു. 1972 സെപ്‍തംബര്‍ 15നായിരുന്നു റിലീസ്.  അണ്ണ ഡിഎംകെ പ്രഖ്യാപനത്തിന് മുന്നോടിയായിറങ്ങിയ സിനിമ വലിയ ആവേശത്തോടെ തമിഴ്‍നാട്ടുകാര്‍ ഏറ്റെടുത്തു. ‘പതിനാറ് വയതിനിലെ’ പാട്ടില്‍ തോട്ടം തൊഴിലാളികളുടെ കുട്ടികളുമുണ്ട്. കൊളുന്തെടുക്കുന്ന രംഗങ്ങളിൽ ഉൾപ്പെടെ നിരവധി തോട്ടംതൊഴിലാളികള്‍ അഭിനേതാക്കളായി. എംജിആറും മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ആഷ്‌ലി ബംഗ്ലാവിലും മറ്റുമായിരുന്നു ചിത്രീകരണ സമയത്ത് താമസം. ജി സുബ്രഹ്മണ്യത്തിന്റെ രചനയിൽ എം കൃഷ്ണൻനായർ സംവിധാനംചെയ്ത ചിത്രത്തിൽ ഭാരതി, പണ്ടരി ബായി, എം എൻ നമ്പ്യാർ, ആർ എസ് മനോഹർ, വി കെ രാമസ്വാമി, നാഗേഷ് തുടങ്ങിയ വൻ താരനിരയും അണിനിരന്നു. അന്നമിട്ടകൈ റിലീസായി കൃത്യം ഒരുമാസം പിന്നിട്ടപ്പോഴാണ് ഡിഎംകെയിൽനിന്നും രാജിവച്ച് എം ജി രാമചന്ദ്രൻ മധുരയിൽ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് 1972 ഒക്ടോബർ 17ന് രൂപംനൽകുന്നത്.  ഷൂട്ടിങ്ങിനോടാൻ 
വില്ലീസ് ജീപ്പും അന്നമിട്ട കൈയുടെ ചിത്രീകരണം കുമളി സ്വദേശിയും ഡ്രൈവറുമായ ഖാൻകുട്ടി ഇപ്പോഴും ഓര്‍ക്കുന്നു. ഈ സമയത്ത് മുണ്ടക്കയത്ത് വില്ലീസ് ജീപ്പ് ഓടിക്കുകയായിരുന്നു ഖാൻകുട്ടി.  ചിത്രീകരണത്തിനായി ഖാൻകുട്ടിയുടേതുള്‍പ്പെടെ രണ്ട് വില്ലീസ് ജീപ്പുകൾ മുണ്ടക്കയത്തുനിന്നാണ് വാടകയ്‍ക്കെടുത്തത്. ദിവസം 40രൂപയായിരുന്നു വാടക. പാട്ട് സീനുകളിൽ ഉൾപ്പെടെ എംജിആറിന് ധരിക്കേണ്ട വിവിധ നിറങ്ങളിലുള്ള കോട്ടും വസ്‍ത്രങ്ങളും തൂക്കിയിട്ടിരുന്നത് ഖാൻകുട്ടിയുടെ ജീപ്പിനുള്ളിലായിരുന്നു. Read on deshabhimani.com

Related News