കൂർക്കയിലെ ‘മറയൂർ ബ്രാൻഡിന്’ വിളവെടുപ്പുകാലം
മറയൂർ മറയൂരിൽ കൂർക്കയ്‌ക്ക് വിളവെടുപ്പുകാലം. മറയൂർ മലനിരകളിലെ ഗോത്രവർഗക്കുടികളിൽ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്ന കാട്ടുകൂർക്കയാണ് വിളവെടുക്കുന്നത്. സാധാരണ കൂർക്കയെക്കാൾ വലിപ്പമേറിയ കൂർക്കയാണിത്. ചില്ലലേല വിപണിയിൽ 81 രൂപ വരെ വില ലഭിച്ചു. ചെറിയ കൂർക്കയ്ക്ക് 40 മുതൽ 50 രൂപ വരെയും വില ലഭിച്ചു. കേരളത്തിലെ വിപണികളിൽ ലഭിക്കുന്ന കൂർക്കകളിൽ ഏറ്റവും മികച്ചതാണ് മറയൂരിലെ കാട്ടുകൂർക്ക. ഗുണമേന്മകളിൽ ഏറെ മുന്നിലാണിവ. മുമ്പ് ആഹാരത്തിന് വേണ്ടിമാത്രം കൃഷി ചെയ്തിരുന്ന ഗോത്ര സമൂഹത്തിന് കൂർക്ക ഇന്ന് ജീവനോപാധിയാണ്. നാലു മാസത്തെ പരിപാലനത്തിനുശേഷം ഒക്‌ടോബർ അവസാനത്തോടെ വിളവെടുത്തുതുടങ്ങും. വിളവെടുപ്പ് ഫെബ്രുവരി വരെ നീളും. ഒരു വിളവെടുപ്പിൽ ഒന്നരക്കോടി രൂപയുടെ കൂർക്കയാണ് ലഭിക്കുക. മലയിറങ്ങുന്ന മറയൂർ കൂർക്ക മറയൂർ മലനിരകളിൽ കൃഷിചെയ്യുന്ന നാടൻ കൂർക്കയ്‌ക്ക് കേരത്തിലാകെ വിപണി ലഭിക്കുന്നു. ഗോത്രവർഗക്കാർ ജൈവസംസ്‌കൃതിയിൽ കൃഷിചെയ്ത് വിളവെടുക്കുന്ന കൂർക്ക, ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയിറങ്ങുന്നുണ്ട്. കവക്കുടി, പെരിയകുടി, നെല്ലിപെട്ടി, വേങ്ങാപ്പാറ, കമ്മാളംകുടി, ഇരുട്ടളക്കുടി എന്നീ ആദിവാസി ഗ്രാമങ്ങളിലാണ് കൂർക്ക വ്യാപകമായി കൃഷി ചെയ്യുന്നത്. കർഷകർക്ക് ന്യായവില ലഭിക്കുന്നതിനാൽ വർഷംതോറും കൂർക്കകൃഷി കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു വരുന്നു. മറ്റുമേഖലകളിൽനിന്ന് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലുമാണ് അഞ്ചുനാട്ടിലെ കൂർക്കയുള്ളത്. സാധാരണ ഉരുളരൂപത്തിൽ ചെറിയ കൂർക്കയാണ് ലഭിക്കുന്നതെങ്കിൽ മറയൂരിലെ കൂർക്ക നീളത്തിലും നല്ല വലിപ്പത്തിലുമാണ് ലഭിക്കുന്നത്. രുചികൊണ്ടും ഗുണം കൊണ്ടും ഏറെ മുന്നിലാണിവ. വിപണനം ഇങ്ങനെ വ്യാഴാഴ്ച തോറും വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില്ലലേല വിപണിയിലാണ് ലേലം നടന്നുവരുന്നത്. ഒരു വിളവെടുപ്പുകാലത്തിൽ ഒരു ലക്ഷത്തിലധികം കിലോ കൂർക്കയാണ് വിപണിയിലെത്തുന്നത്. കഴിഞ്ഞവർഷം 1.15 ലക്ഷം കിലോ കൂർക്ക വിൽപ്പനയ്‌ക്കെത്തിയിരുന്നു. Read on deshabhimani.com