ദൃശ്യവിരുന്നൊരുക്കി മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം



  അടിമാലി മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. വനത്തിലൂടെ ഒഴുകിയെത്തി പാറക്കെട്ടുകളിൽനിന്ന്‌ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ കുളിക്കാനും ചിത്രങ്ങൾ പകർത്താനും സഞ്ചാരികളുടെ തിരക്കാണ്. മാങ്കുളത്തിന്റെ വിനോദസഞ്ചാര സാധ്യതയ്‌ക്ക് ഏറ്റവും ആകർഷണം നൽകുന്നവയിൽ ഒന്നാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. സൗന്ദര്യത്തിനപ്പുറം വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കാനും ചിത്രങ്ങൾ പകർത്താനും സൗകര്യമുണ്ടെന്നതാണ് ഈ ജലപാതത്തിന്റെ പ്രത്യേകത. വനത്തിനുള്ളിൽനിന്ന്‌ തെളിഞ്ഞൊഴുകുന്ന വെള്ളത്തിന് നട്ടുച്ച നേരത്തും കോരിത്തരിക്കുന്ന തണുപ്പുണ്ട്. വേനലെത്ര കടുത്താലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം ഒഴുകിക്കൊണ്ടേയിരിക്കും.  ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികൾ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും കണ്ട് മടങ്ങാറാണ് പതിവ്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്കായി മാങ്കുളത്തുനിന്നും ആനക്കുളത്തുനിന്നും വെള്ളച്ചാട്ടത്തിലേക്ക് ജീപ്പിലുള്ള യാത്രയ്‌ക്കും സൗകര്യമുണ്ട്. ഗ്രാമീണതയുടെ ഭംഗിക്കും വനത്തിന്റെ പച്ചപ്പിനുമിടയിൽ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം തീർക്കുന്ന മനോഹാരിത സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നു.     Read on deshabhimani.com

Related News