കെഎസ്ആർടിസി ഗ്രാമീണ സർവീസുകൾ ഒന്നൊന്നായി നിർത്തലാക്കുന്നു



ചെറുതോണി  ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടൽമൂലം കെഎസ്ആർടിസി ഗ്രാമീണ സർവീസുകൾ ഒന്നൊന്നായി നിർത്തലാക്കുന്നു. ചില ഉദ്യോഗസ്ഥരുടെ കരുനീക്കങ്ങളെ തുടർന്ന്‌ ചില സബ് ഡിപ്പോകൾ തന്നെ അടച്ചുപുട്ടലിന്റെ വക്കിൽ.  ജില്ലയിൽ എല്ലായിടത്തുനിന്നും ഗ്രാമീണ സർവീസുകൾ നല്ല ലാഭത്തിൽ പൊയ്‌ക്കൊണ്ടിരുന്നതാണ്‌. ലാഭകരമായ സർവീസുകൾ എല്ലാം തന്നെ നിർത്തലാക്കി. കട്ടപ്പനയിൽനിന്ന് തങ്കമണി–- ചെറുതോണി വഴി പാലക്കാട്‌ അനക്കട്ടിയിലേക്ക് 12 വർഷമായി ഓടികൊണ്ടിരുന്ന ബസ് നിർത്തലാക്കി. കട്ടപ്പന ഷോളയൂർ ബസ് നിർത്തലാക്കി. കോട്ടയം രാജാക്കാട്‌ സർവീസ്‌ നിർത്തി. എന്നാൽ ചെമ്മണ്ണാറുകൊണ്ട്‌ അവസാനിപ്പിക്കുന്ന തൊട്ടടുത്ത സർവീസ്‌ രാജാക്കാട്ടേക്ക്‌ നീട്ടിയിട്ടുമില്ല.   ഇത്തരത്തിൽ ഒട്ടേറെ ബസുകളുടെ സർവീസാണ്‌ അവസാനിപ്പിച്ചത്‌.  സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചുകൊണ്ടിരുന്ന കട്ടപ്പന സബ് ഡിപ്പോയും നഷ്ടത്തിലായി. നെടുങ്കണ്ടം സബ് ഡിപ്പോയും ടൂറിസം മേഖലയുടെ പ്രത്യേകതകൾ നിറഞ്ഞ മൂന്നാർ ഡിപ്പോയും വൻ നഷ്ടത്തിലാണ്‌. ഡിടിഒയും എടിഒമാരും ചേർന്ന് സ്വകാര്യ ബസുകാരുമായി നടത്തുന്ന കള്ളകളിയാണ് പൊതു ഗതാഗതത്തിന്റെ നടുവൊടിക്കുന്നത്. സ്വകാര്യ ബസ്സുകളുടെ മുമ്പിൽ കെഎസ്ആർടിസി സർവീസ് ആരംഭിക്കുക അതിന് ശേഷം അവരിൽനിന്ന് പണം വാങ്ങി സർവീസ് പിൻ വലിക്കുകയാണെന്നും പരാതിയുണ്ട്‌. ആരെങ്കിലും പണം കൊടുക്കാതിരുന്നാൽ സ്വകാര്യ ബസിന്റെ മുമ്പിലും പിന്നിലും കെആർടിസി ബസിട്ട്‌ ആർക്കും വരുമാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ ഉദ്യോഗസ്ഥ ലോബി ഒട്ടേറെ സ്വകാര്യ ബസ്സുകാരെ പണം കൊടുക്കാൻ നിർബന്ധിതരാക്കി.  ഗ്രാമീണ യാത്രക്കാരെ വലച്ച്‌ ബസുകൾ നിർത്തലാക്കി പണം കൊയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് യുവജന സംഘടനകൾ.   Read on deshabhimani.com

Related News