നിർമാണ അനുമതി നൽകിയത് നിയമവിരുദ്ധം



ഇടുക്കി ചൊക്രമുടിയിൽ കൈയേറിയ ഭൂമിയിൽ അനധികൃത നിർമാണത്തിന് അനുമതി നൽകിയത് നിയമ വിരുദ്ധമായാണെന്ന് പ്രത്യേക അന്വേഷണ സംഘം കലക്‍ടർക്ക് റിപ്പോർട്ട് നൽകി. ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് തഹസിൽദാർ ഉൾപ്പെട്ട റവന്യു സംഘമാണ് കഴിഞ്ഞ രണ്ടിന് റിപ്പോർട്ട് നൽകിയത്. നിയമലംഘനം ഉണ്ടായെന്നും വേണ്ടത്ര പരിശോധനയില്ലാതെയും അനധികൃത പ്രവർത്തനങ്ങൾ മറച്ചുവച്ചുമാണ് ദേവികുളം തഹസിൽദാർ എൻഒസി നൽകിയതെന്നുമാണ് 51 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇവിടുത്തെ പട്ടയവും ശരിയായ വിധത്തിലുള്ളതല്ലെന്നും സൂചിപ്പിക്കുന്നു. പരിശോധന നടത്താതെയാണ് ഭൂരേഖകൾ തഹസിൽദാരും പ്രധാന സർവേ ഉദ്യോഗസ്ഥനും ഭൂമി കൈവശക്കാരന് നൽകിയത്. കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ചൊക്രമുടി റെഡ്‌സോൺ മേഖല കൂടിയാണ്. ഒരിക്കലും പട്ടയം നൽകാൻ പാടില്ലാത്ത മേഖലയിൽ ഭൂരേഖകൾ എങ്ങനെ തരപ്പെടുത്തിയെന്നതും ആര്‌ നൽകിയെന്നതും അന്വേഷിക്കണമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.   അനധികൃത നിർമാണവും 
ഭൂമി വിൽപ്പനയും കൃഷിയും മറ്റ് പ്രവർത്തനങ്ങളൊന്നുമില്ലാത്തതും ആരും പ്രവേശിച്ചിട്ടുമില്ലാത്തതുമായ ഭൂമിയിൽ പെട്ടെന്ന് നിർമാണം നടത്താൻ അനുമതി നൽകിയ പ്രധാന ഉദ്യോഗസ്ഥരുടെ പങ്ക് റിപ്പോർട്ടിൽ വ്യക്തമായുണ്ട്. പരാതി ഉയരുന്നതിനിടെ 2024 ആഗസ്തിലാണ് കൂടുതൽ അനധികൃത പ്രവർത്തനത്തിന് തഹസിൽദാരും സർവേയറും അനുമതി നൽകിയത്. ഉന്നത ഉദ്യോഗസ്ഥരോട് വിവരം മറച്ചുവച്ചു. പ്രദേശത്തെക്കുറിച്ച്‌ അറിവില്ലാത്ത ഉദ്യോഗസ്ഥർ പട്ടയം നൽകിയതാണോ എന്നതും അന്വേഷിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. മൂന്നരയേക്കറില്‍ 1965–-71 ഘട്ടത്തിലാണ്‌ പട്ടയം ലഭിച്ചതെന്നാണ്‌ അടിമാലി സ്വദേശി സിബി ജോസഫ്‌ അവകാശപ്പെടുന്നത്‌. എന്നാൽ 25ഏക്കർ കൈയേറി മുറിച്ചുവിറ്റിരിക്കുന്നതായും അനധികൃത നിർമാണം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. എന്താവശ്യത്തിനാണോ ഭൂരേഖ ലഭിച്ചത്‌, ഒന്നുംചെയ്യാതെ ദീർഘകാലം തരിശായി ഇട്ടിരുന്നതിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ പറയുന്നു. മൈജോ എന്നയാളുടെ ഭൂമി മുറിച്ചുവിൽപ്പനയും അനധികൃത നിർമാണവും റിപ്പോർട്ടിൽ കൂടുതൽ പരാമർശിക്കുന്നു. കൊച്ചി–ധനുഷ്‌കോടി ദേശീയപാത ഗ്യാപ്‌റോഡിന്‌ സമീപമാണ്‌ താഴ്‌‍വാരത്തെ നൂറുകണക്കിന്‌ നിവാസികൾക്കെല്ലാം ഭീഷണിയായി ഭൂമിയിടച്ചും പാറപൊട്ടിച്ചും കുളംകുഴിച്ചും നിർമാണ പ്രവർത്തനങ്ങർ നടത്തിയിരിക്കുന്നത്‌. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് വിശദമായ അന്വേഷണങ്ങൾക്ക്‌ശേഷം ഉയർന്ന ഉദ്യോഗസ്ഥരാണ്‌ അനുമതി നൽകേണ്ടത്.  പ്രഥമദൃഷ്ടിയിൽതന്നെ കൈയേറ്റവും അനധികൃത നിർമാണവും നടന്നതായാണ്‌ ഉത്തരമേഖല ഐജി കെ സേതുരാമനും റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. ഈ കൈയേറ്റ സ്ഥലം ഉടൻ അളക്കണമെന്ന റിപ്പോർട്ടും കലക്ടർക്ക് നൽകി. അടുത്ത ദിവസം മുതൽ ഭൂമി അളക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. Read on deshabhimani.com

Related News