നൂലിഴചേരും 
മനോഹരചിത്രങ്ങൾ



ശാന്തൻപാറ  നൂലിഴചേരും(ത്രെഡ് പാറ്റേണിലൂടെ) മനോഹരചിത്രങ്ങൾ നിർമിക്കുകയാണ് സേനാപതിയിലെ കുഞ്ഞുകലാകാരൻ. അടുത്തതായി മോഹൻലാലിന്റെ ചിത്രം ചെയ്യാനുള്ള തയാറെടുപ്പിലാണ് സേനാപതി മാർബേസിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അജോമോൻ. കളർനൂലുകളും, ചെറിയ ആണികളുമാണ് അജോമോൻ ത്രഡിങ്ങ് പാറ്റേൺ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. അരമണിക്കൂർ മുതൽ ദിവസങ്ങൾ വരെ വേണ്ടിവരും പല ചിത്രങ്ങളും പൂർത്തിയാക്കാൻ. അവധി ദിവസങ്ങളാണ് ചിത്രങ്ങളുണ്ടാക്കാൻ കണ്ടെത്തുന്നത്. കോവിഡ് കാലത്ത് നേരംപോക്കിനായി തുടങ്ങിയ ത്രെഡ്  പാറ്റേൺ ചിത്രങ്ങൾ അജോമോന് സ്കൂൾ പ്രവൃത്തി പരിചയമേളയിലുൾപ്പെടെ നിരവധി പുരസ്കാരങ്ങളും സമ്മാനിച്ചു. സേനാപതി കാവുംതടത്തിൽ ബിജേഷ് -ജോൺസി ദമ്പതികളുടെ മകനാണ് ഈ 13 കാരൻ.  യൂട്യൂബിലൂടെയും അമ്മ ജോൺസിയും പകർന്നു നൽകിയ അറിവുകളുമാണ് അജോമോന് മികച്ച    പാറ്റേണുകളുണ്ടാക്കാാൻ സഹായിച്ചത്.  സ്കൂളിലെ അധ്യാപകരും സഹപാഠികളും അച്ഛനമ്മമാരും മികച്ചപിന്തുണയാണ് നൽകുന്നത്. നിരവധി സിനിമകളിലും അജോമോൻ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലും അടുത്തിടെ അപൂർവ പുത്രന്മാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ സ്പോർട്‌സിലും മിടുക്കനായ അജോമോന് ഫുട്ബോളിൽ സബ്ജില്ല ഫസ്റ്റ് ഗ്രേഡും,  ഖോ–ഖോയിൽ സബ്ജില്ല ഫസ്റ്റ് ഗ്രേഡും ലഭിച്ച ടീമിലംഗമായിരുന്നു.  ക്രിക്കറ്റിൽ ജില്ലാ സെലക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News