കടുവാസങ്കേതം കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല: കര്‍ഷകസംഘം



ചെറുതോണി പെരിയാർ കടുവാ സങ്കേതത്തിന്റെ വിസ്തൃതിവ്യാപനത്തിനായി സമീപവാസികളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രം നടത്തുന്ന ആസൂത്രിത നീക്കം എന്തുവിലകൊടുത്തും എതിർക്കുമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്റ് എൻ വി ബേബി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.   കടുവാസംരക്ഷണത്തിനായി രാജ്യത്താകെ 64,801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് മെമ്പർ സെക്രട്ടറി ഡോ. ജി എസ് ഭരദ്വാജ് ഉത്തരവിറക്കുകയും സംസ്ഥാന വന്യജീവിവിഭാഗം പ്രിൻസിപ്പൽ സിസിഎഫുമാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കേരളത്തിൽ ആയിരത്തോളംപേരെ കുടിയൊഴിപ്പിക്കാനാണ് തീരുമാനം.  തേക്കടി പെരിയാർ കടുവ സങ്കേതം, പറമ്പിക്കുളം എന്നിവയാണ് ഇപ്പോഴുള്ള കടുവ സങ്കേതങ്ങൾ. വയനാട് കടുവ സങ്കേതവും പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.  ഈ സാഹചര്യത്തിൽ കുമളിയോട് ചേർന്ന് കിടക്കുന്ന കടുവ സങ്കേതത്തിന്റെ സമീപവാസികളെയാണ് ഉത്തരവ് ദോഷകരമായി ബാധിക്കുന്നത്.  കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പുനരധിവാസത്തെക്കുറിച്ച് കടുവ സംരക്ഷണ അതോറിറ്റിയോ  കേന്ദ്ര സർക്കാരോ ഒന്നും വ്യക്തമാക്കിയിട്ടില്ല.    രാജ്യത്താകെ ശ്രദ്ധയാകർഷിച്ച മഹാനായ എകെജിയുടെ അമരാവതി സമരഭൂമിയോട് ചേർന്ന് കിടക്കുന്ന കുമളി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഏതുനീക്കവും കർഷക സംഘം ചെറുത്തു തോൽപ്പിക്കും.എംപി ഇക്കാര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിക്കണം. അനിവാര്യമായ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.    ഒരാളെ പോലും കുടിയൊഴിപ്പിക്കാനോ മാറ്റിപ്പാർപ്പിക്കാനോ അനുവദിക്കുന്ന പ്രശ്നമില്ല. കുമളി പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് കർഷകസംഘം നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.     Read on deshabhimani.com

Related News