കോൺഗ്രസ്–മുസ്ലിംലീഗ് തർക്കം തുടരുന്നു; പ്രതിഷേധസദസ്സ്‌ ലീഗ്‌ ബഹിഷ്‌കരിച്ചു



തൊടുപുഴ ജില്ലയിലെ കോൺഗ്രസ്–--മുസ്ലിംലീഗ് തർക്കം പരിഹരിച്ചെന്ന യുഡിഎഫ്‌ സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം പൊളിയുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തൊടുപുഴയിൽ നടന്ന പ്രതിഷേധ സദസ്സ്‌ മുസ്ലിംലീഗ് ബഹിഷ്‌കരിച്ചു. തൊടുപുഴ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും പ്രതിഷേധ സദസ്സിൽനിന്ന് വിട്ടുനിന്നു. ലീഗ് പങ്കെടുക്കാത്ത വിവരം യുഡിഎഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. പ്രതിഷേധ സദസ്സിൽ മുസ്ലിംലീഗ് പ്രവർത്തകർ പങ്കെടുത്താൽ വിട്ടുനിൽക്കുമെന്ന് തിങ്കളാഴ്ച ചേർന്ന ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ലീഗ് പങ്കെടുത്താൽ പ്രതിഷേധ സദസ്സ്‌ ബഹിഷ്കരിക്കുമെന്ന് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും നിലപാടെടുത്തു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന പ്രഖ്യാപനത്തിൽ പൂർണ തൃപ്തി പ്രകടിപ്പിക്കാതിരുന്ന മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പരിപാടിയിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പ്രതിഷേധ സദസ്സിൽ മുസ്ലിം ലീഗ് പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നാണ് ബഹിഷ്കരണത്തെക്കുറിച്ച് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്.  ആഗസ്‌തിൽ നടന്ന തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ തർക്കം ജില്ലയിലെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു. യുഡിഎഫ് ജില്ലാ സമിതിയിൽനിന്ന്‌ ലീഗ് വിട്ടുനിന്നു. ഇതോടെയാണ് പ്രശ്നപരിഹാരത്തിന് യുഡിഎഫ് സംസ്ഥാന നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചത്.  ഇവർ തൊടുപുഴയിലെത്തി കോൺഗ്രസ്, ലീഗ്, കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ഇവർ നടത്തിയ അവസാനഘട്ട ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ യുഡിഎഫിൽ ഉണ്ടായ ഭിന്നതകൾക്ക് പരിഹരിച്ചെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപനം നടത്തിയത്. Read on deshabhimani.com

Related News