കുടിവെള്ളമെത്തും വേണ്ടുവോളം
ഇടുക്കി ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ജൽജീവൻ പദ്ധതി വ്യാപിപ്പിക്കാൻ വാട്ടർ അതോറിറ്റി. ഗ്രാമ–-നഗരങ്ങൾ, ഒറ്റപ്പെട്ട ജനവാസ മേഖലകൾ, മഴനിഴൽ പ്രദേശങ്ങൾ തുടങ്ങിയെല്ലായിടത്തും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി നിർവഹണത്തിന് 2802 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വാട്ടർ അതോറിറ്റി ജലനിധിയും ഭൂജല വകുപ്പും ചേർന്ന് 2,41,121 ഗാർഹിക കുടിവെള്ള കണക്ഷനുകൾ(എഫ്‌എച്ച്‌ടിസി) ലഭ്യമാക്കാനാണ് ഭരണാനുമതി. 2,33,378 കണക്ഷൻ വാട്ടർ അതോറിറ്റിക്ക് കീഴിൽ 52 പഞ്ചായത്തുകളിലായി 2,33,378 ഗാർഹിക കുടിവെള്ള കണക്ഷനുകളെത്തിക്കും. 2,33,238 എണ്ണത്തിന് സാങ്കേതികാനുമതിയായി. ഇതിൽ 2,23,718 കണക്ഷനുകളെത്തിക്കാൻ 122 പ്രവൃത്തികൾക്ക് കരാറായി. 118 പ്രവൃത്തികളിലായി 30,430 കണക്ഷനുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. ജില്ലയിൽ 18 ജലശുദ്ധീകരണശാല 18 ജൽജീവൻ പദ്ധതികളിലെ 140 പ്രവൃത്തികൾക്കായി 17 ജലശുദ്ധീകരണ ശാലകൾ, 250 ജലസംഭരണികൾ, ആയിരക്കണക്കിന് കിലോമീറ്റർ പമ്പിങ്, വിതരണ ശൃംഖലകൾ, നാല് ഫ്ലോട്ടിങ് പമ്പ് ഹൗസുകൾ, വിവിധ ശേഷിയുള്ള പമ്പ്സെറ്റുകൾ തുടങ്ങിയവ സ്ഥാപിക്കും. ഇതോടെ ജില്ലയിലെ ജലശുദ്ധീകരണ ശാലകളുടെ എണ്ണം 18 ആകും. പ്രതിദിന ജലശുദ്ധീകരണശേഷി 250 മില്യൺ ലിറ്റർ. വാഴത്തോപ്പ്, ഇടുക്കി-–കഞ്ഞിക്കുഴി, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, വണ്ണപ്പുറം പഞ്ചായത്തുകൾക്കായുള്ള പദ്ധതിയുടെ ഭാഗമായ 35 മില്യൺ ലിറ്റർ ശേഷിയുള്ള ചെറുതോണി ജലശുദ്ധീകരണശാല, മുട്ടം-–കരിങ്കുന്നം പദ്ധതിയുടെ 11 മില്യൺ ലിറ്റർ ശേഷിയുള്ള പെരുമറ്റം ജലശുദ്ധീകരണശാല അറക്കുളം–വെള്ളിയാമറ്റം പദ്ധതിയുടെ ഭാഗമായ മൂന്ന് മില്യൺ ലിറ്റർ ശേഷിയുള്ള കുളമാവ്, 3.5 മില്യൺ ലിറ്റർ ശേഷിയുള്ള പന്ത്രണ്ടാംമൈൽ ജലശുദ്ധീകരണശാലകൾ എന്നിവയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, ഉപ്പുതറ, അറക്കുളം, ഏലപ്പാറ പഞ്ചായത്തുകൾക്കുള്ള പദ്ധതിയുടെ ഭാഗമായ 35മെഗാലിറ്ററിന്റെ അഞ്ചുരളി ജലശുദ്ധീകരണശാലയുടെ നിർമാണം ഉടൻ തുടങ്ങും. വട്ടവട പഞ്ചായത്തിലെ പദ്ധതിയുടെ ഭാഗമായി ചിലന്തിയാർ വെള്ളച്ചാട്ടത്തിന് സമീപം തടയണയുടെ നിർമാണം പൂർത്തിയായി. Read on deshabhimani.com