എസ്എഫ്ഐ ജില്ലാ സമ്മേളനം തുടങ്ങി



 ധീരജ് ന​ഗർ(തൊടുപുഴ) അമരന്മാരായ രക്തസാക്ഷികളെയും വയനാട് ദുരിതബാധിതരെയും സ്‍മരിച്ച് എസ്‍എഫ്ഐ ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കം. പോരാട്ടക്കരുത്ത് വിളിച്ചോതി കൗമാരക്കൂട്ടം ആവേശ മുദ്രാവാക്യങ്ങൾ മുഴക്കി. കെ എസ് കൃഷ്‍ണപിള്ളയും ടി എ നസീറും രക്തംനൽകി ചുവപ്പിച്ച മണ്ണിൽ എസ്എഫ്ഐയുടെ ശുഭ്രപതാക ഉയർന്നു. ധീരജ് ന​ഗറിൽ (ഷെറോൺ ഓഡിറ്റോറിയം) രാവിലെ 10ന് ജില്ലാ പ്രസിഡന്റ് ലിനു ജോസ് പതാകയുയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‍പാർച്ചനയും നടത്തി. പ്രതിനിധി സമ്മേളനം എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനംചെയ്‍തു. ലിനു ജോസ് താൽക്കാലിക അധ്യക്ഷനായി. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പതാക –- കൊടിമര –- ദീപശിഖാ ജാഥകൾ ഒഴിവാക്കിയിരുന്നു.   ജില്ലാ‌ ജോയിന്റ് സെക്രട്ടറി എസ് അരുൺകുമാർ രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് അപ്‍സര ആന്റണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ മുഹമ്മദ് ഫൈസൽ സ്വാ​ഗതം പറഞ്ഞു. ലിനു ജോസ്, അപ്‍സര ആന്റണി, കെ എം ശരത്, അശ്വിൻ സനീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.  വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ‌മിനിട്‌സ്‌:- ജിനീഷ രാജൻ(കൺവീനർ), ശരത് പ്രസാദ്, അഖിൽ ബാബു, അരവിന്ദ് ഷിബു. പ്രമേയം: സഞ്ജീവ് സഹദേവൻ(കൺവീനർ), അരുൺകുമാർ, കെ അഖിലേഷ്, ആര്യാ രാമചന്ദ്രൻ. ക്രഡൻഷ്യൽ: എം എസ് ​ഗൗതം(കൺവീനർ), ജോയൽ ജോസ്, നിതിൻ എം ജോൺ, അലീന സിംസൺ. 15 ഏരിയ കമ്മിറ്റികളിൽനിന്നായി 286 പ്രതിനിധികളും 40 ജില്ലാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി ടോണി കൂര്യാക്കോസ് പ്രവർത്തന റിപ്പോർട്ടും കേന്ദ്ര എക്‍സിക്യൂട്ടീവംഗം കെ വി അനുരാഗ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.‍  കേന്ദ്ര കമ്മി‌റ്റിയം​ഗങ്ങളായ കെ വി അനുരാ​ഗ്, ജി ടി അഞ്ചുകൃഷ്‍ണ, തെങ്കാശി ജില്ലാ സെക്രട്ടറി അരുൺ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്‍ച റിപ്പോർട്ടിന്മേൽ ചർച്ച നടത്തി. ഞായറാഴ്‍ചയും തുടരും. ശേഷം ചർച്ചയ്‍ക്ക് മറുപടി. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. Read on deshabhimani.com

Related News