അതിഥികളെത്ര? ക്ഷേമപദ്ധതികൾ ഏറെ



 ഇടുക്കി ഇതര സംസ്ഥാനത്തൊഴിലാളികളോട് സൗഹാർദപരമായി ഇടപെടുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. വേതനവും സുരക്ഷയുമുൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്‌. നിരവധി ക്ഷേമ പദ്ധതികൾ ഇവർക്കായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. എന്നാൽ സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പല പ്രതിസന്ധികളിലേക്കും നയിക്കുന്നു.   കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വൻവർധന പൊതുവെ കേരളത്തിലും പ്രത്യേകിച്ച്‌ ഇടുക്കിയിലുമുണ്ട്‌. തൊഴിൽ വകുപ്പ് ചില ഇടപെടൽ നടത്തുമ്പോഴും കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായൊരു ഡേറ്റ ബാങ്ക് ഉണ്ടാക്കാനായിട്ടില്ല. കേസുകളിലും അപകടങ്ങളിലും ദുരന്തമുഖങ്ങളിലും രോഗങ്ങളിലുമെല്ലാം ‘കണക്കിൽ’പ്പെടാത്തവരായി മാറുന്ന ഇതര സംസ്ഥാനക്കാർ അനവധിയുണ്ടെന്നതാണ്‌ യാഥാർഥ്യം.    കണക്കിൽ  13,496, 
ഉള്ളത്‌ ഇരട്ടിയിലേറെ  തൊഴിൽതേടി കേരളത്തലേയ്‌ക്കെത്തുന്ന അതിഥിത്തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. എന്നാൽ സംഘടിത തൊഴിൽ മേഖലയിൽ കൂട്ടമായെത്തി തൊഴിലെടുക്കുന്നവരെ മാത്രമേ കൃത്യമായ കണക്കെടുപ്പ് സാധ്യമാകൂ എന്നാണ്‌ തൊഴിൽവകുപ്പ്‌ വ്യക്തമാക്കുന്നത്‌. വലിയൊരു ശതമാനം ആഭ്യന്തരമായി സഞ്ചരിച്ച്‌ മാറിമാറി തൊഴിലെടുക്കുന്നവരാണ്‌. ഇത്തരക്കാരുടെ കണക്കെടുപ്പ്‌ ശ്രമകരം. ജില്ലയിൽ തോട്ടം പ്ലാന്റേഷൻ, ഫാക്ടറി മേഖലകളിലെ തൊഴിലാളികളുടെ രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്‌. തൊടുപുഴ 1919, പീരുമേട്‌ 2021, മൂന്നാർ(ദേവികുളം) 2259, നെടുങ്കണ്ടം(ഉടുമ്പൻചോല) 1022, ശാന്തൻപാറ 2051  എന്നിങ്ങനെയാണ്‌ താലൂക്ക്‌ ലേബർ ഓഫീസുകളിൽ നടത്തിയ രജിസ്‌ട്രേഷൻ. ജൂലൈ 31 വരെയുള്ള വിവരമാണിത്‌. തൊഴിൽ വകുപ്പിന്റെ കണക്കിൽ ആകെ 13,496 അതിഥിത്തൊഴിലാളികളിൽ 9,272 പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ഓരോ താലൂക്കിലുമുള്ള അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ഇത് ഓരോ മാസവും പരിശോധിച്ച് പുതുക്കും. എന്നാൽ ഇതിന്‌ പുറമേയുള്ളവർ ഇരട്ടിയിലധികം ഉണ്ടാകുമെന്ന്‌ അധികൃതർതന്നെ പറയുന്നു. അതിഥിത്തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സർക്കാർ നടപ്പാക്കിവരുന്ന ആവാസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നു. ജില്ലയിൽ കുമളിയിലാണ് ഇതിന്റെ ആസ്ഥാനം.   അതിഥി പോർട്ടൽ/
അതിഥി ആപ്‌ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‌ നിലവിലുള്ള സംവിധാനം അതിഥി പോർട്ടലാണ്‌. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവരുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുമായി 2023ൽ തൊഴിൽ വകുപ്പ് നടപ്പാക്കിയ സംവിധാനം. തൊഴിലുടമകൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നേരിട്ടും ഇതിൽ രജിസ്റ്റർ ചെയ്യാനാകും. ആധാർ കാർഡ്, ഫോൺ നമ്പർ, ഫോട്ടോ എന്നിവ ആവശ്യമാണ്‌. പോർട്ടൽ വഴി രജിസ്‌റ്റർ ചെയ്യുന്നതിനെക്കുറിച്ച്‌ പലരും അജ്ഞരാണ്‌. ഉപഭോക്തൃ സൗഹൃദപരമായ ‘അതിഥി’ ആപ്ലിക്കേഷന്റെ നിർമാണ ഘട്ടത്തിലാണ്‌ വകുപ്പും സർക്കാരും. ഇത്‌ താമസിക്കാതെ പ്രവർത്തനസജ്ജമാകും.   നിയമം ഇങ്ങനെ സ്വന്തം സംസ്ഥാനംവിട്ട്‌ മറ്റൊരു സംസ്ഥാനത്ത്‌ ജോലി ചെയ്യുന്ന ഏതൊരു തൊഴിലാളികളുടെയും സേവന വേതന സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമമാണ്‌ അന്തർ സംസ്ഥാന കുടിയേറ്റ നിയമം 1979. അഞ്ചിൽ കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഇവരെ രജിസ്റ്റർ ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ ജില്ലയിൽ ഭൂരിപക്ഷവും സ്വന്തം നിലയിൽ തൊഴിൽ തേടി എത്തുന്നവരാണ്‌.  ഈ നിയമപ്രകാരം ഒരു അംഗീകൃത കോൺട്രാക്‌ടർ മറ്റ്‌ സംസ്ഥാനങ്ങളിൽ പോയി നിയമപ്രകാരം അംഗീകാരമുള്ള മറ്റൊരു കോൺട്രാക്‌ടർ വഴി നിശ്ചിത സർക്കാർ ഫീസ്‌ ഒടുക്കി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുകയാണ്‌ വേണ്ടത്‌. അതിനാൽ നിലവിൽ സ്വന്തം നിലയിൽ ജോലിക്കെത്തുന്നവർ ഈ നിയമത്തിന്റെ പരിധിയിൽപെടാത്ത സ്ഥിതിയാണുള്ളത്‌. ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ എവിടെയും തൊഴിലെടുക്കുന്നതിനും താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമുള്ള അവകാശം ഏതൊരു ഇന്ത്യൻ പൗരനുമുണ്ട്.   തൊഴിൽ വകുപ്പിന്റെ 
പദ്ധതികൾ അതിഥിത്തൊഴിലാളികൾക്ക്‌ നീതിയുക്തമായ തൊഴിൽ സാഹചര്യമൊരുക്കാൻ വകുപ്പ്‌ ശ്രദ്ധിക്കുന്നു. തൊഴിൽ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ആവാസ് സുരക്ഷ. തൊഴിലിനിടയിൽ മരണപ്പെട്ടാൽ ഇൻഷുറൻസ് തുകയായി രണ്ട്‌ ലക്ഷം രൂപ ഇതിൽ അംഗമാകുന്നവരുടെ ആശ്രിതർക്ക് ലഭിക്കും. കൂടാതെ അപകടം പറ്റിയാൽ ചികിത്സാ സഹായമായി 25,000 രൂപയും ലഭിക്കും. കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ്‌ ‘അപ്ന ഘർ’. ഇവ കൂടാതെ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു.   ഉത്തരവാദിത്തം 
എല്ലാവർക്കും: 
ലേബർ ഓഫീസർ അതിഥിത്തൊഴിലാളികൾ ഇടപെടുന്ന എല്ലാ മേഖലകളിലും സർക്കാരിന്റെ നിയന്ത്രണവും മേൽനോട്ടവുമുണ്ടെങ്കിൽ തൊഴിലാളികൾക്കും സർക്കാരിനും ഒരുപോലെ ഗുണം ചെയ്യുമെന്ന്‌ ജില്ലാ ലേബർ ഓഫീസർ പറയുന്നു. തൊഴിൽ വകുപ്പിനൊപ്പം ആരോഗ്യ–-തദ്ദേശ–പൊലീസ്‌ വകുപ്പുകളുടെ സൂക്ഷ്‌മമായ ഇടപെടലും ഈ വിഷയത്തിൽ ആവശ്യമാണ്‌. നിയമപാലനം, ആരോഗ്യം, പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ അടിയന്തര ശ്രദ്ധ ചെലുത്തണം. Read on deshabhimani.com

Related News